അസം: മിസോറാം-അസം അതിര്‍ത്തിയില്‍ സംഘര്‍ഷം തുടരുന്നു. ഇരുസംസ്ഥാനങ്ങളിലെയും ആളുകള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച് അസം പൊലീസുകാര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. രണ്ട് സംസ്ഥാനങ്ങളും കേന്ദ്ര സര്‍ക്കാരിനോട് ശക്തമായ ഇടപെടലിന് അഭ്യര്‍ത്ഥിച്ചു.
അസമിലെ കച്ചര്‍, ഹൈലാകന്ദി ഉള്‍പ്പെട് മൂന്ന് ജില്ലകളും മിസോറാമിലെ ഐസോള്‍ ഉള്‍പ്പെടെയുള്ള മൂന്ന് ജില്ലകളും തമ്മിലുള്ള 164.4 കിലോമിറ്റര്‍ അതിര്‍ത്തിയിലാണ് സംഘര്‍ഷം നിലനില്‍ക്കുന്നത്. സംസ്ഥാന അതിര്‍ത്തിയിലെ പല സ്ഥലങ്ങളിലും ഇരു സംസ്ഥാനങ്ങളും അവകാശവാദം ഉന്നയിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഇത്തവണത്തെയും സംഘര്‍ഷത്തിന് കാരണം.
മിസോറാമിന്റെ ഭാഗത്ത് നിന്നുണ്ടായ വെടിവയ്പ്പിലാണ് പൊലീസുകാര്‍ കൊല്ലപ്പെട്ടതെന്ന് അസം അധികൃതര്‍ ആരോപിച്ചു. എന്നാല്‍ അസം പൊലീസാണ് ആദ്യം വെടിവച്ചതെന്നാണ് മിസോറാം പൊലീസിന്റെ ആരോപണം. അസമിലെ കച്ചര്‍, മിസോറാമിലെ കൊലാസിം ജില്ലകളിലുളള അതിര്‍ത്തി മേഖലകളിലാണ് സംഘര്‍ഷമുണ്ടായത്. കച്ചര്‍ ജില്ലാ പൊലീസ് മേധാവി അടക്കം അന്‍പതോളം പൊലീസുകാര്‍ക്ക് വെടിയേറ്റിട്ടുണ്ട്.