മിസോറാം നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ഇന്ന്; എട്ട് മണിമുതല്‍ ഫലസൂചനകള്‍ അറിയാം

ഐസ്വാള്‍: മിസോറാം നിയമസഭ തെരഞ്ഞെടുപ്പില്‍ വോട്ടെണ്ണല്‍ ഇന്ന്. എട്ട് മണിമുതല്‍ ഫലസൂചനകള്‍ അറിയാം. 40 നിയമസഭ മണ്ഡലങ്ങള്‍ ആണ് മിസോറാമില്‍ ഉള്ളത്. ജനസംഖ്യയില്‍ 90 ശതമാനത്തിലധികവും ഗോത്ര വിഭാഗക്കാരാണ്. ഭരണകക്ഷിയായ മിസോറാം നാഷണല്‍ ഫ്രണ്ടും സോറാം പീപ്പിള്‍സ് മൂവ്മെന്റും തമ്മിലാണ് പോരാട്ടം.

സംസ്ഥാനത്ത് ഏറ്റവും വലിയ ഒറ്റകക്ഷിയാകും എന്ന അവകാശവാദവുമായി കോണ്‍ഗ്രസും രംഗത്തുണ്ട്. മണിപ്പൂരുമായി അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനത്ത് കലാപത്തിന്റെ പ്രതിഫലനങ്ങള്‍ തിരഞ്ഞെടുപ്പിലുണ്ടാകുമെന്നാണ് വിലയിരുത്തല്‍. മണിപ്പൂര്‍ കലാപവും കുടിയേറ്റവും അഴിമതിയും പ്രധാന ചര്‍ച്ചയായ മിസോറാം കടമ്പ കടക്കുക എളുപ്പമാകില്ല. ഭരണ വിരുദ്ധ വികാരത്തെ മിസോ വംശജരുടെ ഏകീകരണമെന്ന പ്രചാരണത്തിലൂടെ മറികടക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഭരണകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടും മുഖ്യമന്ത്രി സോറം തങ്കയും.

വടക്കുകിഴക്കന്‍ മേഖലയില്‍ നിന്ന് തുടച്ചു നീക്കപ്പെട്ട കോണ്‍ഗ്രസ് ആകട്ടെ രാഹുല്‍ ഗാന്ധിയെ മുന്‍നിര്‍ത്തിതിരിച്ചുവരവിനുള്ള ശ്രമത്തിലാണ്. ചെറുകക്ഷികളെ കൂട്ടുപിടിച്ച് മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍, ലാല്‍ദുഹോമ മുന്നില്‍ നിന്ന് നയിക്കുന്ന സോറം പീപ്പിള്‍സ് മൂവ്‌മെന്റ് കറുത്ത കുതിരകളാകുമെന്നാണ് പോസ്റ്റ് പോള്‍പ്രവചനങ്ങള്‍.

എട്ടര ലക്ഷം വോട്ടര്‍മാരാണ് മിസോറാമിലുള്ളത്. അതില്‍ 87ശതമാനവും ക്രിസ്ത്യാനികളാണ് . 40 നിയമസഭ സീറ്റില്‍ 39ഉം പട്ടിക വര്‍ഗ സംവരണ സീറ്റുമാണ്. ജനറല്‍ വിഭാഗത്തില്‍ സീറ്റ് ഒന്നേയൊന്ന് മാത്രം. പത്ത് വര്‍ഷം അധികാരത്തിലിരുന്ന കോണ്‍ഗ്രസിനെ തുടച്ച് നീക്കിയാണ് 2018ല്‍ MNF സോറംതങ്കയുടെ നേതൃത്വത്തില്‍ അധികാരം പിടിച്ചത്.

2013ല്‍ 34 സീറ്റുകളുണ്ടായിരുന്ന കോണ്‍ഗ്രസിന് 2018ല്‍ കിട്ടിയത് അഞ്ച് സീറ്റ് മാത്രം. MNFന് 26. ബിജെപി ആകട്ടെ 68 ശതമാനത്തില്‍ നിന്ന് 8 ശതമാനം വോട്ട് പിടിക്കുകയും ഒരു സീറ്റ് നേടി അക്കൗണ്ട് തുറക്കുകയും ചെയ്തു. ബിജെപി നേരിട്ട് ഭരിക്കുകയോ, സഖ്യമുണ്ടാക്കുയോ ചെയ്യാത്ത ഒരേയൊരു വടക്ക് കഴിക്കന്‍ സംസ്ഥാനം കൂടിയാണ് മിസോറാം.

 

Top