നിയമസഭാ തെരഞ്ഞെടുപ്പില്‍ ‘ഇരട്ട’ വിജയം പ്രതീക്ഷിച്ച് മിസോറാമിലെ സ്ഥാനാര്‍ത്ഥികള്‍

election

ഐസ്വാള്‍: വിജയത്തെക്കുറിച്ച് വലിയ ഉറപ്പില്ലാത്ത സാഹചര്യത്തിലാണ് ഒരേ സ്ഥാനാര്‍ത്ഥി രണ്ട് മണ്ഡലങ്ങളില്‍ നിന്ന് ജനവിധി തേടുന്നത് എന്നാണ് പൊതു അഭിപ്രായം. ഇതൊരു വലിയ തെരഞ്ഞെടുപ്പ് പ്രത്യേകതയായി മാറിയിരിക്കുകയാണ് മിസോറാമില്‍. സ്ഥാനാര്‍ത്ഥികളുടെ ജനസമ്മിതി ചൂണ്ടിക്കാണിക്കുന്നതിനാണ് ഒരേ സ്ഥാനാര്‍ത്ഥി വ്യത്യസ്ഥ മണ്ഡലങ്ങളില്‍ നിന്നും മത്സരിക്കുന്നത് എന്നാണ് പാര്‍ട്ടികള്‍ പറയുന്നത്.

1987ല്‍ മിസോ നാഷണല്‍ ഫ്രണ്ട് നേതാവ് ലാല്‍ദേങ്ക രണ്ട് സീറ്റില്‍ മത്സരിച്ചാണ് ഈയൊരു ട്രന്‍ഡ് കൊണ്ടുവന്നത്. രാജീവ് ഗാന്ധി സര്‍ക്കാരുമായി കൈ കോര്‍ത്ത പാര്‍ട്ടി നേതാവ് അന്ന് ഐസ്വാള്‍, സതീക്ക് എന്നീ മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ച് ജയിച്ചു. പിന്നീട് പല തെരഞ്ഞെടുപ്പുകളില്‍ ഈ രീതി പിന്തുടര്‍ന്നു.

1989ലെ അസംബ്ലി തെരഞ്ഞെടുപ്പില്‍ മറ്റ് ചിലര്‍ രണ്ട് മണ്ഡലങ്ങളില്‍ നിന്നായി മത്സരിച്ചു. ലാല്‍ദേങ്ക അന്നും ഐസ്വാള്‍ 1 ഐസ്വാള്‍ 2 എന്നിവിടങ്ങളില്‍ നിന്നും മത്സരിച്ചു. ഇതേ പാത പിന്തുടര്‍ന്ന് കോണ്‍ഗ്രസ് മുഖ്യമന്ത്രി ആയിരുന്ന ലാല്‍ തന്‍ഹൗലയും രണ്ട് മണ്ഡലങ്ങളില്‍ നിന്ന് മത്സരിച്ചു.

മറ്റൊരു എംഎന്‍എഫ് നേതാവും 1987ല്‍ മന്ത്രിയുമായിരുന്ന ഐചിങ്ക, കോലാഷിബ് മണ്ഡലത്തിന് പുറമെ ഐസ്വാള്‍ ഈസ്റ്റില്‍ നിന്നും മത്സരിച്ചു. പീപ്പിള്‍സ് കോണ്‍ഫറന്‍സ് പാര്‍ട്ടി പ്രസിഡന്റായിരുന്ന ബ്രിഗേഡിയര്‍ ടി. സെയ്‌ലോയും സമാനമായ രീതിയില്‍ രണ്ട് മണ്ഡലങ്ങളില്‍ നിന്നും ജനവിധി തേടി. എന്നാല്‍, സെയ്‌ലോയ്ക്ക് രണ്ട് സീറ്റുകളും നഷ്ടപ്പെടുകയായിരുന്നു. ലാല്‍ദേങ്കയും ഐച്ചിങ്കയും ഓരോ സീറ്റുകള്‍ വീതം നേടി. ലാല്‍ തന്‍ഹൗലയാണ് രണ്ട് സീറ്റുകളില്‍ നിന്ന് മത്സരിച്ച് ജയിച്ച ഇവിടുത്തെ കോണ്‍ഗ്രസ് നേതാവ്. ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രി ആയിരുന്ന നേതാവും ഇദ്ദേഹം തന്നെയാണ്. പല തവണ അദ്ദേഹം ഇതേ രീതിയില്‍ ഇരട്ട വിജയം നേടിയിട്ടുണ്ട്.

കൂടുതല്‍ ജനങ്ങള്‍ തന്റെ സേവനം ആഗ്രഹിക്കുന്നു എന്നും മൂന്നും നാലും മണ്ഡലങ്ങളില്‍ ഒരുമിച്ച് മത്സരിക്കാന്‍ സാധിക്കാത്തതിനാലാണ് എല്ലായിപ്പോഴും രണ്ട് മണ്ഡലങ്ങളില്‍ നിന്നും മത്സരിക്കുന്നതെന്നുമാണ് ലാല്‍ തന്‍ഹൗലയുടെ പ്രതികരണം. നവംബര്‍ 28ന് നടക്കുന്ന തെരഞ്ഞെടുപ്പിലും ഇതേ രീതി ആവര്‍ത്തിയ്ക്കും.

സൊറാംതാങ്ങയാണ് മറ്റൊരു നേതാവ്. എംഎന്‍എഫിന്റെ ഇരട്ട റൂള്‍ 2003ലും 2008ലും ഇദ്ദേഹം ആവര്‍ത്തിച്ചു. എന്നാല്‍, 2008ല്‍ രണ്ട് മണ്ഡലങ്ങളിലും അടിപതറി. തന്‍ഹൗലയുടെ ജനപ്രീതിയ്ക്ക് മുന്നില്‍ അദ്ദേഹത്തിന് പിടിച്ചു നില്‍ക്കാന്‍ സാധിച്ചില്ല എന്നതാണ് സത്യം. 2013ല്‍ ലാല്‍ തന്‍ഹൗല രണ്ട് മണ്ഡലങ്ങളില്‍ വിജയം കണ്ടപ്പോള്‍ സൊറാംതാങിന് ഒരെണ്ണത്തില്‍ തൃപ്തിപ്പെടേണ്ടി വന്നു.

ഇരട്ട വിജയം നേടാന്‍ കച്ച കെട്ടി ഇത്തവണ സോറാം നാഷണല്‍ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ലാല്‍ദുഹോമയും രംഗത്തുണ്ട്. ഇവരെക്കൂടാതെ ആറ് സ്ഥാനാര്‍ത്ഥികളാണ് രണ്ട് സീറ്റുകളില്‍ നിന്ന് ജനവിധി തേടുന്നത്. 40 സീറ്റുകളുള്ള മിസോറാം നിയമസഭയിലേയ്ക്ക് 200 പേരാണ് മത്സരിക്കുന്നത്. മുഖ്യമന്ത്രി ലാല്‍ തന്‍ഹൗലയ്ക്ക് ജനപിന്തുണ ഉണ്ടെങ്കിലും ഇദ്ദേഹമടക്കം 9 സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ ക്രിമിനല്‍ പട്ടികയില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നത് പാര്‍ട്ടിയ്ക്ക് തലവേദനയാകുന്നുണ്ട്.

lal thanwala

നല്ല സ്ഥാനാര്‍ത്ഥികള്‍ ഇല്ലാത്തതിനാലാണ് രണ്ട് മണ്ഡലങ്ങളില്‍ നിന്ന് സ്ഥാനാര്‍ത്ഥികള്‍ക്ക് മത്സരിക്കേണ്ടി വരുന്നത് എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം.

Top