ഐസ്വാള്‍: നിയമപരമായാണ് കേരളത്തില്‍ ലോട്ടറി വില്‍പന നടത്തുന്നതെന്ന് മിസോറാം സര്‍ക്കാര്‍.
പരസ്യത്തിലൂടെയാണ് മിസോറാം സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. മറ്റ് സംസ്ഥാനങ്ങളില്‍ തടസമില്ലാതെ വില്‍പന നടക്കുന്നുണ്ടെന്നും മിസോറാം ചൂണ്ടിക്കാട്ടി.
മിസോറാം ലോട്ടറി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് കേരളം കത്തു നല്‍കിയിരുന്നു. മിസോറാം സര്‍ക്കാരും ടീസ്റ്റാ ഡിസ്ട്രിബ്യൂട്ടേഴ്‌സും തമ്മിലുണ്ടാക്കിയ കരാര്‍ നിയമവിരുദ്ധമാണെന്നും സംസ്ഥാനത്തു മിസോറാം ലോട്ടറിയുടെ പ്രവര്‍ത്തനം നിര്‍ത്തിവെയ്ക്കണമെന്നും കേരളം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മിസോറാം സര്‍ക്കാരിന്റെ വിശദീകരണം.
അതേസമയം, ചട്ടങ്ങള്‍ മറികടന്ന് മിസോറാം ഭാഗ്യക്കുറി ടിക്കറ്റുകള്‍ കേരളത്തില്‍ വില്പനയ്‌ക്കെത്തിച്ച സംഭവത്തില്‍ മൊത്തവിതരണക്കാരായ ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്‌സിന് വ്യക്തമായ രേഖകള്‍ ഹാജരാക്കാന്‍ സമയമനുവദിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ലോട്ടറി നടത്തിപ്പിന് ടീസ്റ്റ ഡിസ്ട്രിബ്യൂട്ടേഴ്‌സ് ഹാജരാക്കിയ രേഖകള്‍ അപര്യാപ്തമെന്ന് നികുതിവകുപ്പും ജിഎസ്ടി വകുപ്പും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.