അക്ബറില്‍ നിന്ന് വിശദീകരണം തേടുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്

MJ-AKBAR

ന്യൂഡല്‍ഹി: കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറില്‍ നിന്ന് വിശദീകരണം തേടുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ്. വിദേശ സന്ദര്‍ശനം വെട്ടിച്ചുരുക്കി തിരികെ വരാന്‍ എം ജെ അക്ബറിനോട് പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. അക്ബറിന്റെ വിശദീകരണത്തിന് ശേഷം തുടര്‍നടപടിയുണ്ടായേക്കും.

അതേസമയം മീ ടൂ കാമ്പയിനിലൂടെ ആരോപണം നേരിടുന്ന കേന്ദ്രവിദേശ സഹമന്ത്രി എം.ജെ. അക്ബറിന്റെ രാജി ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തിയിരുന്നു. ആരോപണങ്ങള്‍ക്ക് അദ്ദേഹം തൃപ്തികരമായ മറുപടി നല്‍കണമെന്നും അല്ലെങ്കില്‍ മന്ത്രി സ്ഥാനം രാജിവയ്ക്കണമെന്നുമാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയ്പാല്‍ റെഡി കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടത്.

അക്ബറിനെതിരായ ആരോപണത്തില്‍ അന്വേഷണം നടത്തണമെന്നും കേന്ദ്രമന്ത്രി സുഷമ സ്വരാജ് ആരോപണത്തില്‍ പ്രതികരിച്ചിട്ടില്ലെന്നും ജയ്പാല്‍ വ്യക്തമാക്കിയിരുന്നു. എം.ജെ.അക്ബറിനെതിരെ കൂടതല്‍ പേര്‍ ആരോപങ്ങളുമായി രംഗത്തെത്തിയിരുന്നു.

ഏഷ്യന്‍ഏജ് മുന്‍ മാധ്യമപ്രവര്‍ത്തകയാണ് ഏറ്റവും പുതുതായി ആരോപണവുമായി എത്തിയത്. തനിക്കെതിരെ അക്ബര്‍ ലൈംഗികാതിക്രമം നടത്തിയെന്നാണ് മാധ്യമപ്രവര്‍ത്തക ആരോപണം ഉന്നയിച്ചത്.

‘മീ ടൂ’ കാമ്പയിന്റെ ഭാഗമായി ലൈവ്മിന്റ് നാഷണല്‍ ഫീച്ചേഴ്‌സ് എഡിറ്റര്‍ പ്രിയ രമണിയാണ് മുന്‍ എഡിറ്ററും ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായ അക്ബറിനെതിരെ കഴിഞ്ഞ ദിവസം ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. മുന്‍ മാധ്യമപ്രവര്‍ത്തകനായ അക്ബര്‍ വനിതാ മാധ്യമപ്രവര്‍ത്തകരെ തന്റെ ഹോട്ടല്‍ മുറിലേക്ക് അഭിമുഖത്തിനായി വിളിച്ചു വരുത്തിയെന്നും മോശമായ രീതിയില്‍ പെരുമാറിയെന്നുമായിരുന്നു ആരോപണം ഉന്നയിച്ചത്.

Top