കോവിഡിനെ മറയാക്കി തട്ടിപ്പു നടത്തിയെന്ന് മുനീര്‍; ആരോപണം അടിസ്ഥാനരഹിതമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഉപകരണങ്ങള്‍ വാങ്ങിയതില്‍ വന്‍ അഴിമതി നടന്നെന്ന് എം.കെ. മുനീര്‍ എംഎല്‍എ. നിയമസഭയില്‍ അവിശ്വാസപ്രമേയ ചര്‍ച്ച നടക്കവെയാണ് മുനീര്‍ പ്രസ്താവന നടത്തിയത്.

കോവിഡ് കാലത്ത് വന്‍ തീവെട്ടിക്കൊള്ള നടന്നു. ഒരു ദിവസം 1500 രൂപയ്ക്ക് പിപിഇ കിറ്റ് വാങ്ങും. പിറ്റേ ദിവസം 300 രൂപയ്ക്കും വാങ്ങും. 300 കോടി രൂപയോളമാണ് പിപിഇ കിറ്റടക്കമുള്ള ഉപകരണങ്ങള്‍ വാങ്ങാനായി നീക്കി വെച്ചിരിക്കുന്നത്. 1,999 രൂപ വിലയുള്ള ഇന്‍ഫ്രാറെഡ് തെര്‍മോമീറ്റര്‍ 5,000 രൂപയ്ക്കാണ് വാങ്ങിയത്. കോവിഡിനെ മറയാക്കി വന്‍ തട്ടിപ്പാണ് നടക്കുന്നതെന്നുമാണു മുനീര്‍ ആരോപിച്ചത്.

എന്നാല്‍, ഉപകരണങ്ങള്‍ വാങ്ങിയതില്‍ ഒരു വിധത്തിലുള്ള അഴിമതിയും നടന്നിട്ടില്ലെന്നും ഗുണനിലവാരം ഉറപ്പാക്കി മാര്‍ക്കറ്റ് വിലയേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ഉപകരണങ്ങള്‍ വാങ്ങിയതെന്നും ആരോഗ്യമന്ത്രി തിരിച്ചടിച്ചു.

ദുര്‍ബലമായ ആരോപണങ്ങളായിരുന്നു അദ്ദേഹത്തിന്റേത്. കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറഷേന്‍ മുഖേനയാണ് എല്ലാ തരത്തിലുമുള്ള പര്‍ച്ചേസും നടത്തുന്നത്. എല്ലാ വിധത്തിലുള്ള നടപടിക്രമങ്ങളും പാലിച്ചുകൊണ്ടും സുതാര്യമായും ആണ് നടക്കുന്നത്.

പിപിഇ കിറ്റ്, ലബോറട്ടറി ഉപകരണങ്ങളും നേരത്തേ തന്നെ ശേഖരിക്കാന്‍ സാധിച്ചു. ആരോഗ്യവകുപ്പ് ചുമതലപ്പെടുത്തിയതു പ്രകാരം കമ്പനികളുമായി ബന്ധപ്പെട്ട് മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ ഇവ ശേഖരിച്ചു. കേന്ദ്ര ഏജന്‍സികളായ ഡിആര്‍ഡിഒ, സിട്ര എന്നിവയുടെ സര്‍ട്ടിഫിക്കറ്റുകളുള്ള ഉപകരണങ്ങളേ നമുക്ക് വാങ്ങാന്‍ സാധിക്കൂ. ഗുണനിലവാരത്തിന്റെ കാര്യത്തില്‍ ഒരു ഒത്തുതീര്‍പ്പിനും സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Top