കോഴിക്കോട്: പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്‍ഡിഎഫ് നടത്തിയ മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്തതിന് മുസ്ലീംലീഗ് ബേപ്പൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് കെ.എം ബഷീറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തതില്‍ വിശദീകരണവുമായി മുസ്ലിംലീഗ് നേതാവ് എം.കെ മുനീര്‍. തന്റെ നടപടി ന്യായീകരിക്കുകയും ആവര്‍ത്തിക്കുമെന്ന് പറയുകയും ചെയ്തതോടെയാണ് ബഷീറിനെതിരെ പാര്‍ട്ടി നടപടിയെടുത്തതെന്ന് മുനീര്‍ വ്യക്തമാക്കി.
ബഷീര്‍ മനുഷ്യശൃംഖലയില്‍ പങ്കെടുക്കുക മാത്രമല്ല, വെല്ലുവിളിയും നടത്തി. നടപടിയെടുത്തതില്‍ പാര്‍ട്ടിക്കുള്ളില്‍ ഭിന്നാഭിപ്രായമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒന്നിച്ചുള്ള സമരം എകെജി സെന്ററില്‍വച്ചാണോ തീരുമാനിക്കേണ്ടത് ?ഞങ്ങളെയും കൂട്ടി വിളിച്ചിരുത്തി തീരുമാനിക്കേണ്ടേ? അങ്ങനെയെങ്കില്‍ ഞങ്ങളെല്ലാവരും വന്നേനെ. ഒന്നിച്ചുള്ള സമരത്തിന്റെ കടയ്ക്കല്‍ കത്തിവച്ചത് പിണറായി വിജയനാണെന്നും എം കെ മുനീര്‍ പറഞ്ഞു.
അവര്‍ മാത്രം തമ്പ്രാക്കന്‍മാരും ഞങ്ങള്‍ അടിയാന്‍മാരുമെന്ന നിലപാടാണ് സിപിഎമ്മിന്റേത്. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി തിട്ടൂരം തന്ന് സൗകര്യമുണ്ടെങ്കില്‍ നിങ്ങള്‍ വന്ന് പിടിച്ചോളൂ എന്ന് പറയുന്നത് നല്ല ഉദ്ദേശത്തോടെയല്ലെന്നും മുനീര്‍ പറഞ്ഞു.