കുട്ടികളും മുതിർന്നവരും ഫുട്ബോളിനെ ആവേശത്തോടെയാണ് കാണുന്നത്; സമസ്ത നിലപാട് തള്ളി മുനീർ

ഫുട്ബോൾ ആവേശം കുട്ടികളുടേത് മാത്രമല്ല മുതിർന്നവരുടേതുമാണെന്ന് മുസ്ലിം ലീഗ് നേതാവ് എം കെ മുനീർ. ഫുട്ബോൾ ലഹരിയാകരുതെന്നും താരാരാധന അതിര് കടക്കരുതെന്നുമുള്ള സമസ്തയുടെ ഖുത്വബാ കമ്മറ്റി നിർദ്ദേശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഫുട്ബോളിനെ ഈ കാലഘട്ടത്തിൽ കുട്ടികളും മുതിർന്നവരും ആവേശത്തോടെയാണ് കാണുന്നത്. അമിതാവേശത്തിൽ ഒന്നും സംഭവിക്കരുത്. എല്ലാ ടീമുകളെയും പിന്തുണയ്ക്കുന്നവരുണ്ടെന്നും സമസ്തയുടെ കാര്യം സമസ്തയോട് ചോദിക്കണമെന്നും മുനീർ പറഞ്ഞു.

താരാരധനയല്ല, ദൈവാരാധനയാണ് വേണ്ടതെന്നായിരുന്നു നാസർ ഫൈസി കൂടത്തായി പറഞ്ഞത്. കായിക മത്സരങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഖുറാനിലെ വാക്യങ്ങൾ ഉദ്ധരിച്ച്, വെളളിയാഴ്ച നിസ്കാരത്തിന് ശേഷം പളളികളിൽ നടത്തേണ്ട പ്രസംഗത്തിൻറെ കുറിപ്പും ഖത്തീബുമാർക്ക് കൈമാറി. ഉറക്കമൊഴിഞ്ഞ് കളികാണരുത്. രാത്രി ഫുട്ബോൾ മത്സരം കാണുന്നതിലൂടെ നമസ്കാരം ഉപേക്ഷിക്കുന്ന രീതി ശരിയല്ല. രാജ്യത്തിന് മേൽ അധിനിവേശം നടത്തിയ പോർച്ചുഗൽ ഉൾപ്പെടെയുളള രാജ്യങ്ങളുടെ പതാകയേന്തുന്നതും ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളെ പ്രോത്സാഹിപ്പിക്കുന്നതും ശരിയായ രീതിയല്ലന്നെുമാണ് പ്രസംഗത്തിൻറെ ഉളളടക്കം

Top