ദേശീയ ചാനലിനെതിരെ നിയമ നടപടിക്കൊരുങ്ങി എം.കെ രാഘവന്‍

കൊച്ചി : ഒളിക്യാമറ ഓപ്പറേഷന്‍ വിവാദത്തില്‍ ദേശീയ ചാനലിനെതിരെ നിയമ നടപടിക്കൊരുങ്ങി കോഴിക്കോട് യു.ഡി. എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്‍. ചിത്രീകരിച്ച മുഴുവന്‍ ദൃശ്യങ്ങളും പുറത്തു വിടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് തീരുമാനം.

എം.കെ രാഘവനെതിരായി ഉയര്‍ന്ന ആരോപണം യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് കൂടുതല്‍ നിയമ നടപടികളിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. നവമാധ്യമങ്ങള്‍ വഴി നടത്തുന്ന പ്രചരണങ്ങളും നിയമപരമായി നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത് .

അതേസമയം, ജയിക്കാന്‍ എന്തും ചെയ്യുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്നും തനിയ്ക്കെതിരായ അഴിമതി ആരോപണത്തിന് പിന്നില്‍ കോഴിക്കോട് സിപിഎം നേതൃത്വമാണെന്നും എം.കെ രാഘവന്‍ പറഞ്ഞു.

തനിക്കെതിരായ ഒളിക്യാമറാ അഴിമതി ആരോപണം തെളിയിച്ചാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാമെന്ന് എം കെ രാഘവന്‍ പറഞ്ഞിരുന്നു. സംഭവം കെട്ടിച്ചമച്ചതാണെന്നും തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്നും രാഘവന്‍ വ്യക്തമാക്കുകയും ചെയ്തു. ചാനലിനെതിരെ പൊലിസ് കമ്മീഷണര്‍ക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

സിങ്കപ്പൂര്‍ കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലത്തിനായി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച ആളുകളില്‍ നിന്നും കോഴ ആവശ്യപ്പെടുന്നതാണ് ചാനലിന്റെ ഒളിക്യാമറാ ദൃശ്യങ്ങളിലുള്ളത്. ഹിന്ദി ചാനലായ ടി വി 9 ആണ് വാര്‍ത്ത പുറത്ത് വിട്ടത്.

കമ്മീഷന്‍ ആയി 5 കോടി രൂപ രാഘവന്റെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നു. ഇത് തന്റെ ഡല്‍ഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏല്‍പ്പിക്കണം എന്നും പണം കറന്‍സിയായി മതി എന്നും രാഘവന്‍ പറയുന്നുണ്ട്.

Top