കോഴിക്കോട്: കോഴിക്കോട്ടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എംകെ രാഘവനെതിരായ ഒളിക്യാമറാ വിവാദത്തില്‍ ജില്ലാ കളക്ടറുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കൈമാറും. ഒളിക്യാമറാ ദൃശ്യങ്ങളുടെ ആധികാരികത ഉറപ്പാക്കണമെങ്കില്‍ ഫോറന്‍സിക് പരിശോധന വേണ്ടി വരുമെന്ന് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്നതായാണ് വിവരം. ദൃശ്യങ്ങളില്‍ എഡിറ്റിംഗ് നടന്നോയെന്ന് മനസ്സിലാക്കണമെങ്കില്‍ യഥാര്‍ത്ഥ ദൃശ്യങ്ങള്‍ പരിശോധിക്കേണ്ടി വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നും തന്റെ ശബ്ദം ഡബ് ചെയ്തിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി എംകെ രാഘവനും ജില്ലാ കളക്ടര്‍ക്ക് നേരത്തെ പരാതി നല്‍കിയിരുന്നു.
എം.കെ രാഘവനെതിരായി ഉയര്‍ന്ന ആരോപണം യു.ഡി.എഫിനെ പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് കൂടുതല്‍ നിയമ നടപടികളിലേക്ക് കടക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. നവമാധ്യമങ്ങള്‍ വഴി നടത്തുന്ന പ്രചരണങ്ങളും നിയമപരമായി നേരിടാനാണ് തീരുമാനിച്ചിരിക്കുന്നത്. ചിത്രീകരിച്ച മുഴുവന്‍ ദൃശ്യങ്ങളും പുറത്തു വിടണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് തീരുമാനം.
അതേസമയം, ജയിക്കാന്‍ എന്തും ചെയ്യുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്നും തനിയ്ക്കെതിരായ അഴിമതി ആരോപണത്തിന് പിന്നില്‍ കോഴിക്കോട് സിപിഎം നേതൃത്വമാണെന്നും എം.കെ രാഘവന്‍ പറഞ്ഞു.
തനിക്കെതിരായ ഒളിക്യാമറാ അഴിമതി ആരോപണം തെളിയിച്ചാല്‍ സ്ഥാനാര്‍ഥിത്വം പിന്‍വലിക്കാമെന്ന് എം കെ രാഘവന്‍ പറഞ്ഞിരുന്നു. സംഭവം കെട്ടിച്ചമച്ചതാണെന്നും തെളിയിച്ചാല്‍ പൊതുജീവിതം അവസാനിപ്പിക്കാമെന്നും രാഘവന്‍ വ്യക്തമാക്കുകയും ചെയ്തു. ചാനലിനെതിരെ പൊലിസ് കമ്മീഷണര്‍ക്കും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.
സിങ്കപ്പൂര്‍ കമ്പനിക്ക് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ സ്ഥലത്തിനായി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച ആളുകളില്‍ നിന്നും കോഴ ആവശ്യപ്പെടുന്നതാണ് ചാനലിന്റെ ഒളിക്യാമറാ ദൃശ്യങ്ങളിലുള്ളത്. ഹിന്ദി ചാനലായ ടി വി 9 ആണ് വാര്‍ത്ത പുറത്ത് വിട്ടത്.
കമ്മീഷന്‍ ആയി 5 കോടി രൂപ രാഘവന്റെ തിരഞ്ഞെടുപ്പു ഫണ്ടിലേക്ക് സംഘം വാഗ്ദാനം ചെയ്യുന്നു. ഇത് തന്റെ ഡല്‍ഹിയിലെ ഓഫീസ് സെക്രട്ടറിയെ ഏല്‍പ്പിക്കണം എന്നും പണം കറന്‍സിയായി മതി എന്നും രാഘവന്‍ പറയുന്നുണ്ട്.