ഒളിക്യാമറയിൽ കുടുങ്ങി യു.ഡി.എഫ് സ്ഥാനാർത്ഥി, കോഴിക്കോട് ‘കട്ട പുക’

കോഴിക്കോട്: സ്റ്റിംങ് ഓപറേഷനില്‍ കുടുങ്ങി കോഴിക്കോട് ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥിയും സിറ്റിംഗ് എം.പിയുമായ എം.കെ രാഘവന്‍. എം കെ രാഘവന്‍ 5 കോടി കോഴ ആവശ്യപ്പെടുന്നതിന്റെ ഓളിക്യാമറ ദൃശ്യങ്ങള്‍ പുറത്ത്. ഒരു ദേശീയ ചാനലാണ് ദൃശ്യം പുറത്ത് വിട്ടത്. മാര്‍ച്ച് മാസം 10 നാണ് ഒളിക്യാമറ ഓപ്പറേഷന്‍ നടന്നത്.

കോഴിക്കോട് ഹോട്ടല്‍ തുടങ്ങുന്നതിനായി സ്ഥലം ഏറ്റെടുത്ത് നല്‍കാനാണ് കോഴ ആവശ്യപ്പെടുന്നത്. തന്നെ സമീപിച്ചവരോട് സ്ഥലമേറ്റെടുത്ത് നല്‍കാമെന്നും ഇതിന് പണം വേണമെന്നും രാഘവന്‍ പറയുന്നു.

‘ഞങ്ങള്‍ ഒരു കണ്‍സള്‍ട്ടന്‍സി കമ്പനിയാണ്. ഞങ്ങള്‍ക്ക് ഒരുപാട് ഇടപടുകാരുണ്ട്. അതില്‍ സിങ്കപ്പൂരുള്ള ഒരു ഇടപാടുകാരന് കോഴിക്കോട് ഹോട്ടല്‍ തുടങ്ങാന്‍ താല്‍പ്പര്യമുണ്ട്. നിങ്ങള്‍ പ്രാദേശികമായി അറിയുന്ന ആളല്ലേ. നിങ്ങളുടെ പിന്തുണ ഞങ്ങള്‍ക്ക് ആവശ്യമുണ്ട്. 10 മുതല്‍ 15 ഏക്കര്‍ വരെയാണ് ആവശ്യം. അതുകൊണ്ടാണ് നിങ്ങളെ സമീപിച്ചതെന്ന്’ റിപ്പോട്ടര്‍മാരില്‍ ഒരാള്‍ എം.പിയോട് പറയുന്നുണ്ട്.

തന്റെ കഴിഞ്ഞ തെരഞ്ഞെടുപ്പിന് 20 കോടി രൂപയാണ് തനിക്ക് ചെലവായതെന്നും ഈ പണം തെരഞ്ഞെടുപ്പിന് ഹോഡിങ്ങ്‌സ്, ഫ്‌ളക്‌സ് തുടങ്ങിയവയുടെ പ്രിന്റിങ്ങിന് ഉപയോഗിച്ചതെന്നും എം.പി പറയുന്നുണ്ട്.

കോഴിക്കോടുള്ള സ്വവസതിയില്‍ വെച്ചാണ് രാഘവന്‍ കോഴ ആവശ്യപ്പെട്ടത്. പണം നല്‍കുന്ന കാര്യം ഡല്‍ഹിയിലെ സെക്രട്ടറിയുമായി സംസാരിക്കാനും രാഘവന്‍ തന്നെ സമീപിച്ചവരോട് വ്യക്തമാക്കുന്നുണ്ട്.

കാറ് പോലുള്ള മറ്റെന്തെങ്കിലും വേണോ എന്ന് റിപ്പോട്ടര്‍മാര്‍ ചോദിക്കുമ്പോള്‍, വേണ്ട, ഈ പണം ഓരോ സ്ഥലത്തും തെരഞ്ഞെടുപ്പു പ്രചരണത്തിന് ഉപയോഗിക്കാനാണെന്നും എം.പി സൂചിപ്പിക്കുന്നു. എത്ര ആളുകള്‍ റാലിയില്‍ ഉണ്ടാകുമെന്ന് റിപ്പോട്ടര്‍മാര്‍ ചോദിക്കുമ്പോള്‍ അത് സ്ഥലങ്ങള്‍ക്ക് അനുസരിച്ചിരിക്കുമെന്നും എം.കെ രാഘവന്‍ പറയുന്നുണ്ട്.

Top