ചെന്നൈ: അണ്ണാ ഡിഎംകെയിലെ ആഭ്യന്തര പ്രശ്‌നങ്ങള്‍ മുതലെടുത്ത് തമിഴ്‌നാട്ടില്‍ വേരുറപ്പിക്കാനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ക്കെതിരെ നിലപാടു കടുപ്പിച്ചു ഡിഎംകെ.
കര്‍ഷകരുടെ പ്രശ്‌നങ്ങളടക്കമുള്ളവ ഉയര്‍ത്തി കാട്ടി ബിജെപിയെ പ്രതിരോധത്തിലാക്കാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷനേതാവ് എം.കെ.സ്റ്റാലിനും കൂട്ടരും. എന്നാല്‍ ഡിഎംകെയുടേത് അടിസ്ഥാനരഹിതമായ ആരോപണങ്ങളാണെന്നാണ് ബിജെപിയുടെ വാദം.
സിബിഐ ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപിയും രാഷ്ട്രീയം കളിയ്ക്കുകയാണ്. താല്‍പ്പര്യമില്ലാത്തവരെ തിരഞ്ഞുപിടിച്ചു അന്വേഷണം നടത്തുന്നത് ഇതിനുള്ള തെളിവാണെന്നും ഡിഎംകെ ആരോപിക്കുന്നു.
അണ്ണാ ഡിഎംകെയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ബിജെപിക്കു കൈയ്യുണ്ടെന്നും പനീര്‍സെല്‍വം വിഭാഗത്തെ മുന്‍നിര്‍ത്തി കളിക്കുന്നത് ബിജെപിയാണെന്നും പാര്‍ട്ടി ഉറച്ചുവിശ്വസിക്കുന്നു. സംസ്ഥാനത്ത് വേരുറപ്പിയ്ക്കാനുള്ള ബിജെപിയുടെ തന്ത്രമായാണ് ഡിഎംകെ ഇതിനെ കാണുന്നത്.
എന്നാല്‍ ഡിഎംകെയുടെ ആരോപണങ്ങളെ ബിജെപി തള്ളി. അണ്ണാ ഡിഎംകെയിലെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ബിജെപിയ്ക്ക് പങ്കില്ലെന്നും പാര്‍ട്ടിയുടെ ജനപ്രീതി വര്‍ധിച്ചുവരുന്നതിലെ അസ്വസ്ഥത മൂലമാണ് ഡിഎംകെയുടെ പ്രതികരണമെന്നും സംസ്ഥാന അധ്യക്ഷ തമിഴിസൈ സൗന്ദര്‍രാജന്‍ അറിയിച്ചു.