സ്ഥാനാര്‍ഥികള്‍ തോറ്റാല്‍ മുതിര്‍ന്നവരായാലും ജില്ലാ സെക്രട്ടറിമാരെ മാറ്റാന്‍ മടിക്കില്ല; എംകെ സ്റ്റാലിന്‍

ചെന്നൈ: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥികള്‍ തോറ്റാല്‍ ജില്ലാ സെക്രട്ടറിമാരെ പുറത്താക്കുമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ മുന്നറിയിപ്പ്. ഡിഎംകെ ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിലായിരുന്നു സ്റ്റാലിന്റെ മുന്നറിയിപ്പ്. മുതിര്‍ന്നവരായാലും ജില്ലാ സെക്രട്ടറിമാരെ മാറ്റാന്‍ മടിക്കില്ല. വ്യക്തികളുടെ വിജയത്തേക്കാള്‍ പാര്‍ട്ടിയുടെ വിജയമാണ് പ്രധാനമെന്ന് സ്റ്റാലിന്‍ പറഞ്ഞു.

ഡിഎംകെയെയും സഖ്യത്തെയും പിന്തുണയ്ക്കാന്‍ ജനങ്ങള്‍ തയ്യാറാണെന്നും അവരുടെ പിന്തുണ വോട്ടാക്കി മാറ്റേണ്ടത് നേതാക്കളുടെയും പ്രവര്‍ത്തകരുടെയും കടമയാണെന്നും സ്റ്റാലിന്‍ പറഞ്ഞു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നമ്മള്‍ 39 സീറ്റുകള്‍ നേടി. ഇത്തവണ 40 സീറ്റുകളും തൂത്തുവാരണം. ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ കഠിനാധ്വാനം ചെയ്യണം എന്നും സ്റ്റാലിന്‍ നിര്‍ദേശിച്ചു.

ആല്‍വാര്‍പെട്ടിലുള്ള വസതിയില്‍നിന്നു വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാണു മുഖ്യമന്ത്രി യോഗത്തില്‍ പങ്കെടുത്തത്. വടക്കന്‍ ജില്ലകളില്‍ അടക്കമുള്ള 7 ജില്ലാ സെക്രട്ടറിമാരുടെ പ്രവര്‍ത്തനം തൃപ്തികരമല്ലെന്നും സ്റ്റാലിന്‍ ചൂണ്ടി. പ്രവര്‍ത്തനം മെച്ചപ്പെടുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സ്റ്റാലിന്‍ നിര്‍ദേശം നല്‍കി.

ആറു മാസം മുമ്പ് ഡിഎംകെ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചതായും എല്ലാ മണ്ഡലങ്ങളിലും പ്രവര്‍ത്തകരെ നിയമിച്ചതായും സ്റ്റാലിന്‍ ചൂണ്ടിക്കാട്ടി. ”ഞങ്ങള്‍ പരിശീലന ക്യാമ്പുകള്‍ സംഘടിപ്പിച്ചിട്ടുണ്ട്. പരിശീലനക്യാമ്പുകളില്‍ നിന്ന് മനസിലായിക്കിയത് പ്രാവര്‍ത്തികമാക്കാന്‍ കഴിഞ്ഞാല്‍ വിജയം നേടാന്‍ കഴിയും” സ്റ്റാലിന്‍ പറഞ്ഞു.

Top