MLA k Rajan urged the government to end the law academy issue

തിരുവനന്തപുരം: ലോ അക്കാദമിയില്‍ നടക്കുന്ന വിദ്യാര്‍ത്ഥി സമരം ഒത്ത് തീര്‍പ്പാക്കുന്നതിന് സര്‍ക്കാര്‍ ഇടപെടണമെന്ന് കെ.രാജന്‍ എംഎല്‍എ.

പ്രിന്‍സിപ്പല്‍ ലക്ഷ്മി നായരുടെ വിദ്യാര്‍ത്ഥി വിരുദ്ധ നിലപാടിനെതിരെ എഐഎസ്എഫ് നടത്തുന്ന സമരം 22ാം ദിവസത്തിലേക്ക് കടക്കുകയും എഐവൈഎഫ് സമരം ഏറ്റെടുക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് സി പി ഐ നാഷണല്‍ കൗണ്‍സില്‍ അംഗം കൂടിയായ രാജന്‍ ശക്തമായി രംഗത്ത് വന്നിരിക്കുന്നത്.

അഞ്ച് വര്‍ഷത്തേക്ക് ലോ അക്കാദമിയിലേക്ക് ലക്ഷ്മി നായരെ പ്രവേശിപ്പിക്കില്ലന്നത് എസ്എഫ്‌ഐക്ക് മാനേജ്‌മെന്റ് ടൈപ്പ് ചെയ്ത് ഒപ്പിട്ട് കൊടുത്ത കടലാസില്‍ മാത്രമാണ് ഉള്ളതെന്നും മാനേജ്‌മെന്റ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അങ്ങനെ അഞ്ച് വര്‍ഷത്തെ കാര്യം പറയുന്നില്ലന്നും രാജന്‍ ചൂണ്ടികാട്ടി.

ലോ അക്കാദമി അധികൃതര്‍ കൈ കൊണ്ട് എഴുതിയ ഈ ഔദ്യോഗിക പത്ര കുറിപ്പ് തന്നെ തട്ടിപ്പാണ്. ഇത് പ്രതികരിക്കുന്ന കേരളീയ സമൂഹം അംഗീകരിക്കുന്നതല്ല.

വിദ്യാഭ്യാസ മന്ത്രി ചര്‍ച്ചക്ക് വിളിച്ച് സമരം തീര്‍ക്കുന്നതിനാവശ്യമായ നടപടി സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. മാനേജ്‌മെന്റ് പറയുന്നതുപോലെ ലക്ഷ്മി നായര്‍ ‘തല്‍ക്കാലത്തേക്ക്’ മാറി നിന്നത് കൊണ്ട് മാത്രം പ്രശ്‌നത്തിന് പരിഹാരമാവില്ല. നേരത്തെ സമരക്കാരെ വിളിച്ച് ചര്‍ച്ച നടത്തിയ വിദ്യാഭ്യാസ മന്ത്രി, ചര്‍ച്ചകള്‍ തുടരാം എന്നാണ് വിദ്യാര്‍ത്ഥി നേതാക്കളോട് പറഞ്ഞിരുന്നത്. അതിനനുസരിച്ചുള്ള നടപടിയാണ് ഇനി വേണ്ടത് രാജന്‍ ആവശ്യപ്പെട്ടു.

സി പി ഐ നിലപാട് കടുപ്പിച്ചതോടെ സര്‍ക്കാരാണ് ഇപ്പോള്‍ വെട്ടിലായിരിക്കുന്നത്. എസ്എഫ്‌ഐ സമരം അവസാനിപ്പിച്ചുവെങ്കിലും സര്‍ക്കാര്‍ ഇടപെടാതെ സമരം അവസാനിപ്പിക്കേണ്ടതില്ലന്നാണ് സി പി ഐ വിദ്യാര്‍ത്ഥി-യുവജനസംഘടനകളുടെ തീരുമാനം. ഈ പശ്ചാതലത്തില്‍ വ്യാഴാഴ്ച ചേരുന്ന മന്ത്രിസഭാ യോഗം നിര്‍ണ്ണായകമാവും.

സര്‍ക്കാര്‍ മുന്‍കൈ എടുത്ത് വിദ്യാര്‍ത്ഥി സമരം അവസാനിപ്പിക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് സി പി ഐ മന്ത്രിമാര്‍ യോഗത്തില്‍ ആവശ്യപ്പെടുമെന്നാണ് സൂചന.

എസ്എഫ്‌ഐക്ക് ലഭിച്ചതിനേക്കാള്‍ കൂടുതല്‍ അനുകൂല തീരുമാനം ഇനി ഉണ്ടായാല്‍ അത് സംഘടനാപരമായി വലിയ തിരിച്ചടിയാകുമെന്നതിനാല്‍ എസ്എഫ്‌ഐ നേതൃത്വവും സര്‍ക്കാര്‍ തീരുമാനത്തെ ഉറ്റുനോക്കുകയാണ്.

ഭരണത്തിലെ രണ്ടാമത്തെ പാര്‍ട്ടിയായതിനാല്‍ സി പി ഐയുടെ ആവശ്യത്തെ പൂര്‍ണ്ണമായും നിരാകരിച്ച് മുന്നോട്ട് പോകാനും സി പി എംന് കഴിയില്ല. സമരം വലിച്ച് നീട്ടി ബിജെപിക്കും എബിവിപിക്കും നേട്ടമുണ്ടാക്കി കൊടുക്കുന്ന സാഹചര്യം സര്‍ക്കാര്‍ ഉണ്ടാക്കരുതെന്ന ആവശ്യം ഇടത് അണികളിലും ഉയര്‍ന്ന് കഴിഞ്ഞു.

Top