MLA Mukesh Missing Case; Recommended action against SI

കൊല്ലം: എംഎല്‍എയും സിനിമാ താരവുമായ മുകേഷിനെ കാണാനില്ലെന്ന പരാതി സ്വീകരിച്ച പൊലീസിനെതിരെ സര്‍ക്കാര്‍ നടപടി. യൂത്ത് കോണ്‍ഗ്രസ് അസംബ്ലി മണ്ഡലം പ്രസിഡന്റ് നല്‍കിയ പരാതി സ്വീകരിച്ച് രസീത് നല്‍കിയ കൊല്ലം വെസ്റ്റ് എസ്‌ഐക്കെതിരെ നടപടി എടുക്കാനാണ് ഇപ്പോള്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്.

എസ്‌ഐ എന്‍ ഗിരീഷിനെതിരെ നടത്തിയ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്‌ഐയെ സ്ഥലം മാറ്റിയേക്കും എന്നാണ് സൂചന. നേരത്തെ എംഎല്‍എയെ കാണാനില്ല എന്ന പരാതി സ്വീകരിച്ച പൊലീസിനെതിരെ സിപിഐഎം രംഗത്ത് വന്നിരുന്നു.

വെസ്റ്റ് എസ്‌ഐക്കെതിരെ നടപടി വേണമെന്ന് സിപിഐഎം കമ്മീഷണര്‍ക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. നിയമനടപടികള്‍ സ്വീകരിക്കുമെന്ന് മുകേഷും പറഞ്ഞിരുന്നു.

തെരഞ്ഞെടുപ്പിനുശേഷം പൊതുപരിപാടികളില്‍ എംഎല്‍എയായ മുകേഷിനെ കാണാനില്ലെന്ന് ആരോപിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രകടനം നടത്തി പൊലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഇത് രാഷ്ട്രീയ വിവാദമാകുകയും മുകേഷ് താന്‍ രാഹൂല്‍ ക്ലബില്‍ അംഗത്വം എടുക്കാന്‍ പോയതാണെന്ന് തമാശരൂപേണ പറയുകയും ചെയ്തിരുന്നു.

Top