അന്തരിച്ച എംഎല്‍എ പി.ബി.റസാഖിന് ആദരാഞ്ജലി അര്‍പ്പിച്ച് നിയമസഭ പിരിഞ്ഞു

തിരുവനന്തപുരം: നിയമസഭാ സമ്മേളനത്തിന് തുടക്കമായി. സമ്മേളനത്തിന്റെ ആദ്യദിവസമായ ഇന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ അന്തരിച്ച മഞ്ചേശ്വരം എംഎല്‍എ പി.ബി.അബ്ദുള്‍ റസാഖിനെ അനുസ്മരിച്ചു കൊണ്ടുള്ള അനുശോചന പ്രമേയം വായിച്ചു. നിയമസഭയിലെ പുഞ്ചിരിക്കുന്ന സാന്നിധ്യമായിരുന്നു പി.ബി.അബ്ദുള്‍ റസാഖെന്നും അദ്ദേഹത്തിന്റെ വിയോഗം അവിശ്വസനീയമായിരുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അബ്ദുള്‍ റസാഖിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു കൊണ്ടു പറഞ്ഞു. റസാഖിന് ആദരാജ്ഞലികള്‍ അര്‍പ്പിച്ച് സഭ പിരിഞ്ഞു.

വി.എസ്.സുനില്‍ കുമാര്‍ (സിപിഐ), എം.കെ.മുനീര്‍(ഐയുഎംഎല്‍),സി.കെ.നാണു(ജനതാദള്‍), കെ.എം.മാണി(കേരള കോണ്‍ഗ്രസ് എം), അനൂപ് ജേക്കബ് (കേരള കോണ്‍ഗ്രസ് ജെ), കടന്നപ്പള്ളി രാമചന്ദ്രന്‍ (കോണ്‍ഗ്രസ് എസ്), ഒ.രാജഗോപാല്‍ (ബിജെപി), വിജയന്‍പിള്ള (സിഎംപി), കെബി ഗണേഷ് കുമാര്‍ (കേരള കോണ്‍ഗ്രസ് ബി), പിസി ജോര്‍ജ്, തുടങ്ങി വിവിധ കക്ഷി നേതാക്കള്‍ അദ്ദേഹത്തെ അനുസ്മരിച്ചു സംസാരിച്ചു.

13 ഓര്‍ഡിനന്‍സുകള്‍ക്ക് പകരമുള്ള നിയമനിര്‍മ്മാണത്തിനാണ് ചേരുന്നതെങ്കിലും ശബരിമല ഉള്‍പ്പെടെയുള്ള വിവാദങ്ങള്‍ വരും ദിവസങ്ങളില്‍ സഭയെ പ്രക്ഷുബ്ധമാക്കും. ഭക്തര്‍ക്കുണ്ടായ ബുദ്ധിമുട്ടും പോലീസ് നടപടികളും ചൂണ്ടിക്കാട്ടി പ്രതിപക്ഷം സര്‍ക്കാരിനെ പ്രതിരോധത്തിലാക്കും. പ്രളയാനന്തര കേരള പുനര്‍നിര്‍മ്മിതിയിലെ വീഴ്ചകളും പ്രതിപക്ഷം ആയുധമാക്കും.

ബന്ധു നിയമനം റദ്ദാക്കിയെങ്കിലും കെ.ടി.ജലീല്‍, ജി.സുധാകരന്‍ എന്നിവരുടെ സ്വജനപക്ഷപാതവും പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും.

കോടതി അയോഗ്യനാക്കിയ കെ.എം ഷാജിക്ക് നിയമസഭാ സമേളനത്തില്‍ പങ്കെടുക്കാനാകില്ല. കെ.എം ഷാജിയുടെ അപ്പീല്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. വനിത ജീവനക്കാര്‍ക്ക് ഇരിപ്പിട സൌകര്യം ഒരുക്കുന്ന ബില്‍, മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് സര്‍ക്കാരിനെ അധികാരപ്പെടുത്തുന്ന ബില്‍, തുടങ്ങിയവയാണ് ആദ്യ ദിവസങ്ങളില്‍ പരിഗണിക്കുന്നത്. മറ്റ് ദിവസങ്ങളില്‍ ഏതൊക്കെ ഓര്‍ഡിനനന്‍സ് പരിഗണിക്കണമെന്ന കാര്യം കാര്യോപദേശ സമിതി തീരുമാനിക്കും .

ഇത്തവണ മുതല്‍ രാവിലെ ഒന്‍പത് മണിക്കായിരിക്കും സഭാ നടപടികള്‍ തുടങ്ങുക.ഒന്‍പത് മുതല്‍ മുതല്‍ 10 വരെയായിരക്കും ചോദ്യോത്തരവേള. തുടര്‍ന്ന് രാവിലെ 10നാണ് ശൂന്യവേള. എല്ലാ ദിവസവും രണ്ടരക്ക് സഭാ നടപടികള്‍ അവസാനിപ്പിക്കാന്‍ നിര്‍ദ്ദേശമുണ്ടെങ്കിലും ഇത്തവണ നടപ്പാക്കില്ല. സമ്മേളനം ഡിസംബര്‍ 13 ന് അവസാനിക്കും.

Top