വിമത എംഎല്‍എമാരോട് നാളെ രാവിലെ 11 മണിക്ക് ഹാജരാകാന്‍ സ്പീക്കറുടെ അന്ത്യശാസനം

ബെംഗളൂരു: കര്‍ണാടക സര്‍ക്കാരിനെ നിലനിര്‍ത്താന്‍ അവസാനവട്ട ശ്രമവുമായി സ്പീക്കര്‍ രമേശ് കുമാര്‍. വിമത എംഎല്‍എമാരോട് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നേരിട്ട് ഹാജരാകാനാണ് സ്പീക്കറുടെ അന്ത്യശാസനം. വിധാന്‍ സൗധയില്‍ വിശ്വാസ വോട്ടെടുപ്പിനുള്ള നടപടികള്‍ നടക്കുന്നതിനിടെയാണ് സ്പീക്കറുടെ നീക്കം. എംഎല്‍എമാര്‍ക്ക് സ്പീക്കര്‍ നോട്ടീസ് അയച്ചു.

കോണ്‍ഗ്രസിന്റെ 13ളം ജെഡിഎസിന്റെ മൂന്നും എംഎല്‍എമാരുമാണ് കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജി സമര്‍പ്പിച്ചത്. ഇവരോട് നേരിട്ട് ഹാജരാകാന്‍ സ്പീക്കര്‍ നിര്‍ദേശിച്ചിരുന്നു.

അതേസമയം കര്‍ണാടകയിലെ വിശ്വാസ വോട്ടെടുപ്പില്‍ അടിയന്തരമായി ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി അറിയിച്ചിരുന്നു. വിശ്വാസവോട്ടെടുപ്പ് സംബന്ധിച്ച് സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കാനാകില്ലെന്നും കോടതി ഉത്തരവിട്ടു.

വോട്ടെടുപ്പ് വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് വിമത പക്ഷത്തുള്ള സ്വതന്ത്ര എംഎല്‍എമാരായ ആര്‍. ശങ്കറും എച്ച്. നാഗേഷും നല്‍കിയ ഹര്‍ജിയിലാണ് നടപടി. ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും.

കര്‍ണാടകയില്‍ വിശ്വാസ വോട്ടെടുപ്പ് ഇന്ന് തന്നെയെന്ന് സ്പീക്കര്‍ കെ.ആര്‍.രമേശ് കുമാര്‍ അറിയിച്ചു. മുഖ്യമന്ത്രി അവതരിപ്പിച്ച വിശ്വാസപ്രമേയത്തിന്മേലുള്ള എല്ലാ നടപടികളും ഇന്ന് തന്നെ പൂര്‍ത്തിയാക്കുമെന്നും സ്പീക്കര്‍ അറിയിച്ചിട്ടുണ്ട്. നിയമസഭയിലേക്ക് പുറപ്പെടും മുന്‍പാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. വിമതര്‍ ഹാജരായില്ലെങ്കില്‍ അവര്‍ക്ക് ആബ്‌സന്റ് മാര്‍ക്ക് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

വോട്ടെടുപ്പ് നടത്താനുള്ള ഗവര്‍ണറുടെ അന്ത്യശാസനം രണ്ടുതവണയും നിയമസഭാ സ്പീക്കര്‍ തള്ളിയിരുന്നു. ഇതിനിടെ സംസ്ഥാനത്തെ രാഷ്ട്രീയസാഹചര്യങ്ങളെക്കുറിച്ച് കേന്ദ്രസര്‍ക്കാരിനു ഗവര്‍ണര്‍ റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു.

Top