യുപിയിൽ കോൺട്രാക്ടർക്ക് മുന്നിൽ മോശം റോഡ് ചവിട്ടിപ്പൊളിച്ച് എംഎൽഎ – വീഡിയോ വൈറൽ

ലഖ്നൗ: എംഎൽഎ തന്റെ മണ്ഡലത്തിലെ റോഡിന്റെ ​ഗുണനിലവാരം പരിശോധിക്കുന്ന വീഡിയോ വൈറൽ. ഉത്തർപ്രദേശിലെ ​ഗാസിപൂർ മണ്ഡലത്തിലെ എംഎൽഎ ബേദിറാമാണ് കരാറുകാരന്റെ മുന്നിൽ വെച്ച് റോഡ് പരിശോധിക്കുകയും ശാസിക്കുകയും ചെയ്തത്. റോഡിലെ നിലവാരം വളരെ മോശമാണെന്ന് എംഎൽഎ പറഞ്ഞു. എംഎൽഎ ഷൂസ് കൊണ്ട് തട്ടുമ്പോൾ ടാർ ഇളകി പോകുന്നത് വീഡിയോയിയിൽ കാണാം. തുടർന്നാണ് കരാറുകാരനെ ശാസിച്ചത്. “ഇതാണോ റോഡ്. ഈ റോഡിൽ കാറിന് ഓടാൻ കഴിയുമോയെന്നും എംഎൽഎ പ്രകോപിതനായി.

നാട്ടുകാരിൽ നിന്ന് പരാതി ലഭിച്ചതിനെ തുടർന്നാണ് എംഎൽഎ പരിശോധനക്ക് എത്തിയത്. സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടിയുടെ നിയമസഭാംഗമാണ് ബേദിറാം. പരിശോധനക്കെത്തിയപ്പോൾ പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ ഉണ്ടായിരുന്നില്ലെന്നും കരാറുകാരനോട് പ്രശ്നം ഉന്നയിക്കുകയും പി.ഡബ്ല്യു.ഡിയിലെ ഉന്നത ഉദ്യോഗസ്ഥരുമായി സംസാരിക്കുകയും ചെയ്തെന്നും എംഎൽഎ പറഞ്ഞു. നിലവാരമനുസരിച്ചല്ല റോഡ് നിർമിച്ചത്. നിർമാണം പൂർത്തിയായ റോഡ് ആറ് മാസമോ പോലും നിൽക്കില്ലെന്നും എംഎൽഎ പറഞ്ഞു.

ജാംഗിപൂർ-ബഹാരിയാബാദ്-യൂസുഫ്പൂർ എന്നിവയെ ബന്ധിപ്പിക്കുന്ന 4.5 കിലോമീറ്റർ നീളമുള്ള റോഡാണ് എംഎൽഎ പരിശോധിച്ചത്. 3.8 കോടി രൂപയാണ് റോഡിന്റെ നിർമാണത്തിന് ചെലവ് കണക്കാക്കിയിരിക്കുന്നത്. ഉത്തർപ്രദേശിലെ റോഡുകളുടെ ഗുണനിലവാരമില്ലായ്മ നേരത്തെയും വാർത്തയായിരുന്നു. കഴിഞ്ഞ വർഷം, പിലിബിത്തിൽ നിർമാണം പൂർത്തിയായ റോഡിലെ മിശ്രിതം ഒരാൾ കൈകൊണ്ട് വാരിയെടുത്തത് വാർത്തയായിരുന്നു.

Top