ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബിഎസ്പിയില്‍നിന്നു പുറത്താക്കിയ അനില്‍കുമാര്‍ സിംഗ് എംഎല്‍എയുടെ സഹോദരനു നേരെ ആക്രമണം. ഉത്തര്‍പ്രദേശിയിലെ ഉന്നൗവിലായിരുന്നു സംഭവം. സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.
അനിലിന്റെ സഹോദരന്‍ ദീലിപ് സിംഗിനും കുടുംബത്തിനും നേരെയാണ് ആക്രമണമുണ്ടായത്. ദീലിപിനെയും കുടുംബത്തെയും ഒരു സംഘം ആളുകള്‍ ചേര്‍ന്നു തോക്കിന്‍മുനയില്‍ നിര്‍ത്തി ഭീഷണിപ്പെടുത്തുകയായിരുന്നു.
കഴിഞ്ഞ ദിവസം രാജ്യസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ അനില്‍കുമാര്‍ കൂറുമാറി ബിജെപിക്കു വോട്ടു ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തെ ബിഎസ്പിയില്‍നിന്നു പുറത്താക്കിയത്.