എംഎല്‍എമാരുടെ രാജി; കോടതി വിധി ജനാധിപത്യത്തിന് ശക്തി പകരുന്നതെന്ന് ശിവകുമാര്‍

ബംഗളൂരു: കര്‍ണാടക വിമത എംഎല്‍എമാരുടെ രാജി അംഗീകരിക്കണമോ വേണ്ടയോ എന്ന കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനം എടുക്കാമെന്ന സുപ്രീംകോടതി വിധിയില്‍ സന്തോഷം അറിയിച്ച് ഡി.കെ ശിവകുമാര്‍.

കര്‍ണാടകയിലെ 15 വിമത എംഎല്‍എമാരുടെയും രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനം എടുക്കാമെന്ന് അറിയിച്ച സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും, ഇത് ജനാധിപത്യത്തിന് ശക്തിപകരുന്ന വിധിയാണെന്നും ശിവകുമാര്‍ പറഞ്ഞു.

വിപ്പ് നിലനില്‍ക്കില്ലെന്ന തെറ്റിധാരണ പരത്താനാണ് ബിജെപി ശ്രമിക്കുന്നത്. എന്നാല്‍, പാര്‍ട്ടിക്ക് വിപ്പ് നല്‍കാനാകും. ഒപ്പം, കൂറുമാറ്റ നിരോധന നിയമത്തിന്റെ അടിസ്ഥാനത്തില്‍ നടപടികള്‍ സ്വീകരിക്കാനുമാകുമെന്നും ശിവകുമാര്‍ കൂട്ടിച്ചേര്‍ത്തു.

വിമത എംഎല്‍മാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ക്ക് തീരുമാനമെടുക്കാമെന്നായിരുന്നു ചീഫ് ജസ്റ്റീസ് അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ചിന്റെ വിധി. സഭാനടപടികളില്‍ പങ്കെടുക്കണോ വേണ്ടയോ എന്ന് വിമത എംഎല്‍എമാരാണ് തീരുമാനിക്കേണ്ടതെന്നും വ്യാഴാഴ്ച നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുക്കണമെന്ന് എംഎല്‍എമാരെ നിര്‍ബന്ധിക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Top