നിയമങ്ങള്‍ കാറ്റില്‍പ്പറത്തി എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്ക്

കോഴിക്കോട്: നിയമങ്ങള്‍ കാറ്റില്‍പ്പറത്തി എംഎല്‍എയുടെ വാട്ടര്‍ തീം പാര്‍ക്ക്.

സമുദ്രനിരപ്പില്‍ നിന്നും 2800 അടി ഉയരത്തില്‍ കക്കാടംപൊയിലിലെ പരിസ്ഥിതി ലോല പ്രദേശത്ത് മലയുടെ ഒരു വശം ഇടിച്ച് നിയമങ്ങളെല്ലാം ലംഘിച്ച് യാതൊരു സുരക്ഷാമാനദണ്ഡങ്ങളും പാലിക്കാതെയാണ് സി.പി.എം സ്വതന്ത്ര എം.എല്‍.എയുടെ വാട്ടര്‍തീം പാര്‍ക്ക് സ്ഥാപിച്ചിരിക്കുന്നത്.

നിലമ്പൂരിലെ സി.പി.എം സ്വതന്ത്ര എം.എല്‍.എ പി.വി അന്‍വര്‍ മാനേജിങ് പാട്ണറും രണ്ടാം ഭാര്യ പി.വി ഹഫ്‌സത്ത് പാര്‍ട്ണറുമായ പീവീആര്‍ നാച്വറോ പാര്‍ക്ക് എന്ന പേരിലാണ് വാട്ടര്‍ തീം പാര്‍ക്ക് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്.

പഞ്ചായത്തീരാജ് നിയമവും കെട്ടിടനിര്‍മ്മാണചട്ടങ്ങളും പാലിക്കാതെ പാര്‍ക്കില്‍ പ്രവേശിക്കുന്നതിനുള്ള അനുമതി മാത്രം എന്ന പേരില്‍ കൂടരഞ്ഞി പഞ്ചായത്ത് താല്‍ക്കാലിക ലൈസന്‍സ് അനുവദിച്ചതും ദുരൂഹമാണ്.

പാര്‍ക്കില്‍ പ്രകൃതിഭംഗി ആസ്വദിക്കുന്നതിന് ആളുകളെ പ്രവേശിക്കുന്നതിന് അനുമതി നല്‍കണമെന്ന പി.വി അന്‍വറിന്റെ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് ലൈസന്‍സ് അനുവദിച്ചിട്ടുള്ളത്. പ്രവേശനഫീസായി 50 രൂപ ഈടാക്കാനും അനുമതി നല്‍കിയിരുന്നു. വൈദ്യുതി ഉപയോഗിച്ചുള്ള യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ പാടില്ലെന്ന് പഞ്ചായത്ത് ബോര്‍ഡ് യോഗവും നിര്‍ദ്ദേശിച്ചിരുന്നു.

എന്നാല്‍ ഇവയെല്ലാം കാറ്റില്‍പ്പറത്തിയാണ് ഇപ്പോള്‍ പാര്‍ക്ക് പ്രവര്‍ത്തിക്കുന്നത്. വാട്ടര്‍ റൈഡുകളും യന്ത്ര ഊഞ്ഞാല്‍, തോണി. യന്ത്രബൈക്ക് റൈഡ് അടക്കം മുള്ളവയാണിപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. പ്രവേശനത്തിന് ഇപ്പോള്‍ 100 രൂപയും റൈഡുകള്‍ക്ക് 500 രൂപവീതവും ഈടാക്കുന്നുണ്ട്.

അനധികൃതമായി തടയണകെട്ടി തടഞ്ഞുനിര്‍ത്തിയ വെള്ളം ടാങ്കര്‍ ലോറികളില്‍ എത്തിച്ചാണ് പാര്‍ക്കില്‍ റൈഡുകള്‍ക്ക് ഉപയോഗിക്കുന്നത്. വെള്ളം ശുദ്ധീകരിക്കുന്നതിനുള്ള യാതൊരു സജ്ജീകരണങ്ങളും ഇവിടെയില്ല.

വിനോദസഞ്ചാരികളുടെ ജീവനു സുരക്ഷയേകുന്ന ക്രമീകരണങ്ങള്‍ ഒരുക്കാത്തതും ആശങ്കപരത്തുകയാണ്.

എന്നാല്‍ ഈ ആരോപണങ്ങളെല്ലാം എംഎല്‍എ നിഷേധിച്ചു.

Top