കൊച്ചി : പീസ് സ്‌കൂള്‍ ഡയറക്ടര്‍ എംഎം അക്ബറിന് ജാമ്യം. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്.
അക്ബറിന്റെ ജാമ്യാപേക്ഷ എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
പീസ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ വിവാദ പാഠപുസ്തകവുമായി ബന്ധപ്പെട്ട കേസിലാണ് പീസ് എഡ്യുക്കേഷന്‍ ഫൌണ്ടേഷന്‍ ഡയറക്ടര്‍ എം എം അക്ബറിനെ എറണാകുളം ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. അഞ്ച് ദിവസത്തെ കസ്റ്റഡി കാലാവധി പൂര്‍ത്തിയായ അക്ബറിന്റെ ജാമ്യാപേക്ഷ പരിഗണിച്ച കോടതി, വിധി പറയുന്നത് മാര്‍ച്ച് ആറിലേക്ക് മാറ്റിയിരുന്നു. സര്‍ക്കാര്‍ എം എം അക്ബറിന്റെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തിരുന്നു. പുസ്തകത്തിലെ വിവാദ പാഠഭാഗങ്ങള്‍ ദുരുദ്ദേശപരമാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരുന്നു.
സമൂഹത്തെ ബാധിക്കുന്ന ഇത്തരം കാര്യങ്ങളെ ലഘുവായി കാണാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടിയിരുന്നു.
രാജ്യാന്തര ബന്ധമടക്കം അന്വേഷിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ നിലപാട്. ബോധപൂര്‍വം കുറ്റം ചെയ്യാന്‍ ശ്രമിച്ചിട്ടില്ലെന്ന് അക്ബര്‍ കോടതിയെ അറിയിച്ചു. എന്നാല്‍ ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
വിദേശ യാത്രക്കിടെ ഹൈദരാബാദ് വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം അക്ബറിനെ തടഞ്ഞുവെച്ച് കേരള പൊലീസിന് കൈമാറുകയായിരുന്നു.