തിരുവനന്തപുരം: കെപിസിസി എക്‌സിക്യൂട്ടീവിലെ ചര്‍ച്ചകള്‍ സംബന്ധിച്ച സുധീരന്റെ പ്രസ്താവന തള്ളി വൈസ് പ്രസിഡന്റ് എംഎം ഹസ്സന്‍ രംഗത്ത്.
പാര്‍ട്ടിയില്‍ അടിമുടി മാറ്റം വേണമെന്ന ആവശ്യം എക്‌സിക്യൂട്ടീവില്‍ ഉയര്‍ന്നെന്ന് ഹസ്സന്‍ അഭിപ്രായപ്പെട്ടു. ബൂത്ത് തലം മുതല്‍ കെപിസിസി വരെ ഉടച്ചുവാര്‍ക്കണമെന്ന് അഭിപ്രായം ഉണ്ടായെന്നും തോല്‍വിയുടെ ഉത്തരവാദിത്വം ആര്‍ക്കൊക്കെയെന്ന് പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുകയാണെന്നും ഹസ്സന്‍ വ്യക്തമാക്കി.
ചര്‍ച്ചയില്‍ നേതൃമാറ്റം എന്ന ആവശ്യം ഉയര്‍ന്നില്ലെന്നായിരുന്നു സുധീരന്‍ അഭിപ്രായപ്പെട്ടിരുന്നത്.
പുറത്തുവന്ന വാര്‍ത്തകള്‍ക്ക് അകത്തുനടന്ന ചര്‍ച്ചയുമായി യാതൊരു ബന്ധവും ഇല്ലെന്നായിരുന്നു എക്‌സിക്യൂട്ടീവിന് ശേഷം വാര്‍ത്താസമ്മേളനത്തില്‍ സുധീരന്‍ പറഞ്ഞത്.
നേതൃമാറ്റം എന്ന ആവശ്യം ഉയര്‍ന്നില്ലെന്നും പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്നും സുധീരന്‍ പറഞ്ഞു. അതേസമയം യോഗത്തില്‍ മുന്‍മന്ത്രി കെ ബാബു ഉള്‍പ്പെടെയുള്ളവര്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ തുറന്നടിച്ച് രംഗത്ത് വന്നിരുന്നു.
ആദര്‍ശം പറഞ്ഞാല്‍ പാര്‍ട്ടിയുണ്ടാകില്ലെന്ന് കെ ബാബു തുറന്നടിച്ചു. യുഡിഎഫിന്റെ തോല്‍വിയുടെ ഉത്തരവാദിത്തം കെപിസിസി പ്രസിഡന്റിനുമുണ്ട്. യോഗത്തില്‍ ബാബു പറഞ്ഞു.
അതിനിടെ കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഇന്ന് ഹൈക്കമാന്റിനെ പരാതി അറിയിച്ചു. നേതൃത്വത്തില്‍ ശൂന്യതയാണെന്നും അടിയന്തരമായി ഇടപെടണമെന്നും തിരുവഞ്ചൂര്‍ ഹൈക്കമാന്റിനോട് ആവശ്യപ്പെട്ടു.
നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോല്‍വിക്ക് പിന്നാലെയാണ് കെപിസിസി പ്രസിഡന്റ് വിഎം സുധീരനെതിരെ പരാതിയുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും, കെ സുധാകരനും ഹൈക്കമാന്‍ഡിനെ സമീപിച്ചത്. വിവാദ വിഷയങ്ങള്‍ തെരഞ്ഞെടുപ്പിനു മുമ്പ് സജീവ ചര്‍ച്ചയായത് സുധീരന്റെ നിലപാട് കാരണമാണെന്ന് എ, ഐ ഗ്രൂപ്പുകള്‍ വ്യക്തമാക്കുന്നു.