കേരളത്തിന്റെ പുനര്‍നിര്‍മാണം ; സാലറി ചലഞ്ച് ഗുണ്ടാപ്പിരിവെന്ന് എം.എം.ഹസന്‍

തിരുവനന്തപുരം: പ്രളയക്കെടുതിയില്‍ തകര്‍ന്ന സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിന് സര്‍ക്കാര്‍ ജീവനക്കാരുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് നല്‍കണമെന്ന ഉത്തരവ് ഗുണ്ടാപ്പിരിവാണെന്ന് കെപിസിസി അധ്യക്ഷന്‍ എം.എം.ഹസന്‍. ഇത്തരത്തില്‍ നിര്‍ബന്ധിതമായി പിരിവ് നടത്തുന്നത് ശരിയല്ലെന്നും പിരിവ് നല്‍കാന്‍ തയാറല്ലാത്തവര്‍ അത് എഴുതി നല്‍കണമെന്നുള്ള സര്‍ക്കര്‍ ഉത്തരവ് പിന്‍വലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്ത് ചികിത്സയ്ക്ക് പോയതിനു ശേഷം സംസ്ഥാന ഭരണം സ്തംഭിച്ച അവസ്ഥയാണെന്നും മന്ത്രിസഭ ചേരാത്തവര്‍ക്ക് ഭരണസ്തംഭനമില്ലെന്ന് എങ്ങനെ ന്യായീകരിക്കാനാകുമെന്നും അദ്ദേഹം ചോദിച്ചു.

അതേസമയം സാലറി ചലഞ്ചില്‍ ജീവനക്കാര്‍ക്ക് ആശ്വാസവഴിയൊരുക്കി ധനവകുപ്പ് രംഗത്തെത്തിയിരുന്നു. ശമ്പള, പെന്‍ഷന്‍ പരിഷ്‌കരണങ്ങളുടെ നാലാംഗഡു പണമായി നല്‍കും. കൈയ്യില്‍ കിട്ടുന്ന ഒരുമാസത്തെ ശമ്പളത്തിന് തുല്യമായ തുക ഒന്നാം തിയതി ലഭിക്കും. ദുരിതാശ്വാസത്തിന് നല്‍കുന്നതിന്‍രെ ഒരു വിഹിതം കൈയ്യിലെത്തിക്കുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. 1,538 കോടി രൂപയാണ് വിതരണം ചെയ്യുന്നത്. ആദ്യ മൂന്നുഗഡു പിഎഫില്‍ ലയിപ്പിച്ചിരുന്നു.

Top