തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ ശക്തമായി ആരോപണങ്ങൾ ഉന്നയിച്ച് എം എം ഹസൻ. മുഖ്യമന്ത്രി പിണറായി വിജയന്‍ കേരള രാഷ്ട്രീയത്തില്‍ വര്‍ഗീയതയുടെ വ്യാപാരിയായി മാറിയിരിക്കുകയാണെന്ന് എം.എം. ഹസന്‍ പറഞ്ഞു. യുഡിഎഫിന്റെ നേതൃത്വം മുസ്‌ലിം ലീഗ് ഏറ്റെടുക്കുകയാണെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കെപിസിസി പ്രസിഡന്റിനെ മാറ്റാന്‍ മുസ്‌ലിം ലീഗ് ആവശ്യപ്പെട്ടെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ പിണറായി വിജയന്‍ പ്രചരിപ്പിക്കുന്നത് ബിജെപിയുടെയും ആര്‍എസ്എസിന്റെയും പ്രചാരണം അതേപടി മുഖ്യമന്ത്രി ഏറ്റെടുക്കുന്നതിന് തെളിവാണെന്നും ഹസന്‍ കുറ്റപ്പെടുത്തി.
ഭൂരിപക്ഷ-ന്യൂനപക്ഷ കാര്‍ഡുകള്‍ ഇറക്കിക്കളിച്ചതിന്റെ ഫലം തെരഞ്ഞെടുപ്പില്‍ ഉണ്ടായെന്ന വിലയിരുത്തലിലാണ് കേരളത്തില്‍ യുഡിഎഫ് അപ്രസക്തമായെന്ന് മുഖ്യമന്ത്രി പ്രഖ്യാപിക്കുന്നത്. കോണ്‍ഗ്രസ് മുക്ത ഭാരതമെന്ന നരേന്ദ്ര മോദിയുടെ മുദ്രാവാക്യത്തിന്റെ വകഭേദമാണ് യുഡിഎഫ് അപ്രസക്തമായെന്ന പിണറായിയുടെ പ്രഖ്യാപനം. യുഡിഎഫ് മുക്ത കേരളമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ദിവാസ്വപ്നം ബിജെപിയെ കേരളത്തില്‍ മുഖ്യ പ്രതിപക്ഷമായി വളര്‍ത്താനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്ന് ഹസന്‍ പറഞ്ഞു.