തൃശൂര്‍: ജനകീയമുന്നണിയുടേതെന്ന പേരില്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിച്ച് നടന്ന ഹര്‍ത്താലിന് പിന്നില്‍ ഭൂരിപക്ഷ-ന്യുനപക്ഷ തീവ്രവാദികളാണെന്ന് കെ.പി.സി.സി പ്രസിഡന്റ് എം.എം.ഹസന്‍.
അക്രമം മുന്‍കൂട്ടി കണ്ട് തടയുന്നതില്‍ കേരളത്തിലെ പൊലീസ് പരാജയപ്പെട്ടു. അക്രമം ഉണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയെന്ന ഡി.ജി.പിയുടെ പ്രസ്താവന അടിസ്ഥാന രഹിതമാണ്. ഹര്‍ത്താലിന്റെ മറവില്‍ വര്‍ഗീയ കലാപമുണ്ടാക്കാനാണ് ചിലര്‍ ശ്രമിച്ചത്. വാട്‌സ് ആപ്പ് ഹര്‍ത്താലിന്റെ ഉറവിടം കണ്ടത്തെി ശക്തമായ നടപടിയെുക്കാന്‍ പൊലീസ് തയ്യാറാകണമെന്നും ഹസന്‍ ആവശ്യപ്പെട്ടു.
പൊലീസിനെ നിയന്ത്രിക്കുന്നതില്‍ ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണ്. ഈ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷമുള്ള ആറാമത്തെ കസ്റ്റഡിമരണമാണ് വരാപ്പുഴയിലെ ശ്രീജിത്തിന്റെത്. സംഭവത്തില്‍ നിക്ഷപക്ഷമായ അന്വേഷണമല്ല നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
എറണാകുളം എസ്.പി സി.പിഎമ്മിന് വിടുപണി ചെയ്യുകയാണ്. ഇപ്പോള്‍ അന്വേഷണം നടത്തുന്ന ശ്രീജിത്തും നിഷ്പക്ഷനല്ല. അതു കൊണ്ട് തന്നെ സി.ബി.ഐ അന്വേഷണം നടത്തണമെന്നും കെ.പി.സി.സി പ്രസിഡന്റ് അറിയിച്ചു.
സംഭവത്തെ കോണ്‍ഗ്രസ് രാഷ്ട്രീയമായി കാണുന്നില്ലെന്നും ഹസന്‍ പറഞ്ഞു. പൊലീസിനുള്ളിലെ ക്രിമിനലുകളെ തിരിച്ചറിയണം. ഇത്തരത്തില്‍ സി.പി.എമ്മിനുവേണ്ടി പ്രവര്‍ത്തിക്കുന്ന നിരവധി പേരുണ്ട്.
മോദിയെ പ്രശംസിച്ച കെ.വി തോമസിനോട് വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും മറുപടി ലഭിച്ചിട്ടില്ലന്നും മറുപടി ലഭിച്ചാല്‍ രാഷ്ട്രീയകാര്യ സമിതി ചര്‍ച്ച ചെയ്യുമെന്നും ഹസന്‍ വ്യക്തമാക്കി.