തിരുവനന്തപുരം: കേരളത്തിലെ പ്രളയത്തെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്നും കൂടുതല്‍ സൈന്യത്തെ വിന്യസിച്ച് മുഴുവന്‍ പേരെയും ഉടന്‍ രക്ഷപ്പെടുത്തണമെന്നും കെ.പി.സി.സി അദ്ധ്യക്ഷന്‍ എം.എം. ഹസന്‍. ദേശീയദുരന്തമായി പ്രഖ്യാപിച്ചാല്‍ നിലവിലുള്ള മാനദണ്ഡങ്ങള്‍ മാറ്റിവച്ച് സംസ്ഥാനത്തിന് കൂടുതല്‍ സഹായങ്ങള്‍ നല്‍കാനും അവ പെട്ടെന്ന് തന്നെ പ്രഖ്യാപിക്കാനും സാധിക്കും.
കേന്ദ്രസംഘം വന്ന് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് കേന്ദ്രസഹായം പ്രഖ്യാപിക്കുന്നത് വലിയ കാലതാമസം ഉണ്ടാക്കും. സൈന്യത്തെ സഹായിക്കാന്‍ കൂടുതല്‍ പൊലീസ്, ഫയര്‍ഫോഴ്‌സ് സംവിധാനങ്ങളും നിയോഗിക്കണം. ജനങ്ങള്‍ക്ക് കൃത്യമായ മുന്നറിയിപ്പ് നല്‍കിയ ശേഷമേ ഡാമുകളില്‍ നിന്ന് കൂടുതല്‍ വെള്ളം ഒഴുക്കാവൂ. എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പരമാവധി തുക സംഭാവന ചെയ്യണമെന്നും ഹസന്‍ അഭ്യര്‍ത്ഥിച്ചു.