തരം താണ രാഷ്ട്രീയം കളിച്ചത് ആന്റണി . . ? എം.എം ഹസ്സന്റെ പ്രതികരണം നെറികേട്

തിരുവനന്തപുരം : ചാരക്കേസ് കെട്ടിചമ്മച്ചതാണെന്ന കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തു വരുമ്പോള്‍ ഉമ്മന്‍ ചാണ്ടിയെ കുരുശിലേറ്റി വിശുദ്ധനാകാന്‍ എ.കെ.ആന്റണിയുടെ നീക്കം.

ചാരക്കേസ് വിവാദത്തെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവയ്‌ക്കേണ്ടി വന്ന കെ.കരുണാകരന് പകരക്കാരനായി എത്താന്‍ പ്രത്യേക സൈനിക വിമാനത്തില്‍ കേരളത്തിലെത്തിയ ആന്റണി എം.എം ഹസ്സനെ മുന്‍ നിര്‍ത്തിയാണ് ഇപ്പോള്‍ കളിക്കുന്നത്.

തന്റെ ‘ആദര്‍ശ ധീരത’ക്ക് ചാരക്കേസ് വിവാദം കളങ്കം ചാര്‍ത്തുമെന്ന് കണ്ട് ഉമ്മന്‍ ചാണ്ടിയെ ബലിയാടാക്കാനാണ് ശ്രമം.

ഇതിന് വഴിമരുന്നിട്ടാണ് ഇപ്പോള്‍ കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും മാറ്റുന്നതിനോട് ആന്റണിക്ക് യോജിപ്പില്ലായിരുന്നുവെന്ന് ഹസ്സന്‍ കോഴിക്കോട്ട് തുറന്നടിച്ചത്.

ഇക്കാര്യം തന്നോടും ഉമ്മന്‍ ചാണ്ടിയോടും ആന്റണി ആവശ്യപ്പെട്ടിരുന്നുവെന്നും അദ്ദേഹത്തിന്റെ വാക്കുകള്‍ കേള്‍ക്കാത്തതില്‍ കുറ്റബോധമുണ്ടെന്നുമായിരുന്നു കുമ്പസാരം.

കരുണാകരനെ താഴെ ഇറക്കി ആന്റണിയെ മുഖ്യമന്ത്രിയാക്കാന്‍ ശക്തമായി രംഗത്തിറങ്ങിയ ഉമ്മന്‍ ചാണ്ടിക്കൊപ്പം മുന്‍നിരയില്‍ പ്രവര്‍ത്തിച്ച നേതാവാണ് എം.എം ഹസ്സന്‍.

എ ഗ്രൂപ്പുകാരനാണെങ്കിലും അന്നും ഇന്നും എം എം ഹസ്സന് കുടുംബപരമായി തന്നെ ഏറെ അടുപ്പം എ.കെ ആന്റണിയുമായാണുള്ളത്.

തിരഞ്ഞെടുപ്പ് ഘട്ടങ്ങളില്‍ പോലും ഹസ്സന്റെ കുടുംബമില്ലാതെ വോട്ട് ചെയ്യാന്‍ പോയ ചരിത്രം ആന്റണിയെ സംബന്ധിച്ച് അടുത്ത കാലത്തൊന്നും ഉണ്ടായിട്ടുമില്ല.

ഇരു വീട്ടുകാരും തമ്മില്‍ അടിക്കടിയുള്ള സന്ദര്‍ശനങ്ങളും ഇടപെടലുകളുമെല്ലാം കോണ്‍ഗ്രസ്സ് ബന്ധത്തിനും അപ്പുറമുള്ളതാണെന്നതും പരസ്യമാണ്.

എം.എം ഹസ്സനെ മുന്‍പ് മന്ത്രിയാക്കിയതും ഇപ്പോള്‍ കെ.പി.സി.സി.പ്രസിഡന്റ് ആക്കിയതുമെല്ലാം ആന്റണി മുന്‍കൈ എടുത്തിട്ടാണ്.

ആ ഹസ്സനെ മുന്‍ നിര്‍ത്തി ഇപ്പോള്‍ ചാരക്കേസ് വിവാദത്തില്‍ നിരപരാധി ചമയാനുള്ള നീക്കമാണ് ആന്റണി നടത്തിയിരിക്കുന്നത്.

കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റി പകരം മുഖ്യമന്ത്രിയാവാന്‍ ഉമ്മന്‍ചാണ്ടിയെ മുന്‍ നിര്‍ത്തി നടത്തിയ നീക്കം മറന്നാണ് ഈ മലക്കംമറിച്ചില്‍.

എല്ലാ കുറ്റവും ഉമ്മന്‍ ചാണ്ടിക്ക് മേല്‍ അടിച്ചേല്‍പ്പിച്ച് അധികാരമോഹിയും അവസരവാദിയും ആയി ചിത്രീകരിക്കപ്പെടുന്നത് ഒഴിവാക്കുകയാണ് ആന്റണിയുടെ ലക്ഷ്യം.

സോളാറില്‍ പ്രതിരോധത്തിലായ ഉമ്മന്‍ ചാണ്ടിയെ വീണ്ടും പിന്നില്‍ നിന്നും കുത്തുന്ന ഒന്നാന്തരം രാഷ്ട്രീയ കരുനീക്കം കൂടിയാണിത്.

ഹസ്സനെ സംബന്ധിച്ച് കുറച്ച് കാലം കൂടി കെ.പി.സി.സി പ്രസിഡന്റ് സ്ഥാനത്ത് ഇരിക്കണമെന്നതിനാല്‍ ആന്റണിയുടെയും ഐ ഗ്രൂപ്പിന്റെയും പിന്തുണ അനിവാര്യവുമാണ്.

പുതിയ വെളിപ്പെടുത്തലോടെ ഐ ഗ്രൂപ്പിന്റെ ഗുഡ് ബുക്കില്‍ ഇടം പിടിച്ച് കഴിഞ്ഞതായാണ് ഹസ്സന്‍ കരുതുന്നത്.

ഗ്രൂപ്പ് ധാരണ പ്രകാരം കെ.പി.സി.സി പ്രസിഡന്റ് സ്ഥാനം എ ഗ്രൂപ്പിന് അവകാശപ്പെട്ടതാണ്.

അതിനാല്‍ തന്നെ മറ്റാരും തന്നെ ആ സ്ഥാനത്ത് വരുന്നതിനേക്കാള്‍ ഐ ഗ്രൂപ്പ് ആഗ്രഹിക്കുന്നതും ഹസ്സന്‍ തുടരുന്നതിനോട് തന്നെയാണ്.

ഉമ്മന്‍ ചാണ്ടിയെ ഒതുക്കുക വഴി രമേശ് ചെന്നിത്തലയുടെ ഭാവി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിത്വം സുരക്ഷിതമാകുമെന്ന കാഴ്ചപ്പാടിലാണ് ഐ ഗ്രൂപ്പ് നേതൃത്വം.

Top