തിരുവനന്തപുരം: സിപിഐയെ ആരും യുഡിഎഫിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് കെപിസിസി പ്രസിഡന്റ് എം എം ഹസന്‍.
കോണ്‍ഗ്രസ് ആരുമായും സഖ്യത്തിനായി പുറകെ നടക്കുന്നില്ലെന്നും, സിപിഐഎമ്മിന്റെ ആട്ടും തുപ്പും ഏറ്റ് കിടക്കുകയാണ് സിപിഐയെന്നും ഹസന്‍ പരിഹസിച്ചു.
ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതേതര കക്ഷികളുമായി ചേര്‍ന്ന് വിശാലവേദി രൂപംകൊള്ളണമെന്ന കരട് പ്രമേയം സിപിഐയുടെ ദേശീയ നിര്‍വാഹകസമതി ഡല്‍ഹിയിലിരുന്ന് അംഗീകരിച്ചത് തലക്ക് സ്ഥിരതയുള്ള നേതാക്കളാണെന്നാണ് വിശ്വാസമെന്നും, എന്നാല്‍ സായിപ്പിനെ കാണുമ്പോള്‍ കവാത്ത് മറക്കുകയാണ് കാനം രാജേന്ദ്രന്‍ എന്നും, കോടിയേരിയുടെ കണ്ണുരുട്ടല്‍ കണ്ട് കാനം ഭയപ്പെട്ടിരിക്കുകയാണെന്നും ഹസന്‍ പറയുന്നു.
സിപിഐ-കോണ്‍ഗ്രസ് സഖ്യ വാര്‍ത്തകളെ തള്ളി കഴിഞ്ഞ ദിവസം സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്തെത്തിയിരുന്നു.
തലക്ക് സ്ഥിരതയുള്ള ആരെങ്കിലും കോണ്‍ഗ്രസിലേക്ക് പോകുമോയെന്നും വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നുമാണ് കാനം അഭിപ്രായപ്പെട്ടിരുന്നത്.
എന്നാല്‍, സിപിഐയെ കോണ്‍ഗ്രസ് എംഎല്‍എ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ യുഡിഎഫിലേക്ക് സ്വാഗതം ചെയ്തിരുന്നു.
സിപിഐക്ക് യുഡിഎഫിലേക്കുള്ള വാതില്‍ തുറന്നു കിടക്കുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചൂണ്ടിക്കാട്ടി.
ഇന്നല്ലെങ്കില്‍ നാളെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയട്ടെ എന്നും അദ്ദേഹം അറിയിച്ചു.