വയല്‍കിളികള്‍ക്ക് പൂര്‍ണപിന്തുണ നല്‍കുമെന്ന് എം എം ഹസന്‍

mm-hasan

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ക്കിളി കര്‍ഷക കൂട്ടായ്മ നടത്തുന്ന സമരത്തിനു കോണ്‍ഗ്രസ് പൂര്‍ണ പിന്തുണ നല്‍കുമെന്നു കെപിസിസി പ്രസിഡന്റ് എം.എം. ഹസ്സന്‍. വികസന വിരോധികളെന്നു മുദ്രകുത്തിയും ജനകീയ സമരമല്ലെന്നു പ്രചരിപ്പിച്ചും കീഴാറ്റൂര്‍ സമരത്തെ തകര്‍ക്കാനാണു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. നെല്‍വയല്‍ നികത്തി ബൈപാസ് റോഡ് നിര്‍മിക്കുന്നതിനെതിരെ വയല്‍ക്കിളികളുടെ ജനകീയ സമരത്തെ ഭീഷണിപ്പെടുത്തിയും ആക്രമിച്ചും തകര്‍ക്കാമെന്നു സിപിഎമ്മും സംസ്ഥാന സര്‍ക്കാരും വ്യാമോഹിക്കേണ്ടെന്നും ഹസ്സന്‍ പറഞ്ഞു.

ദേശീയപാത വികസനത്തിനു സ്ഥലമെടുക്കുന്നതിനെതിരായ ആദ്യത്തെ സമരമല്ല കീഴാറ്റൂരിലേത്. ഇടതുപക്ഷം തന്നെ എത്രയോ സ്ഥലങ്ങളില്‍ സമരം നടത്തിയിരിക്കുന്നു. സിപിഎം കൊടികുത്തി സമരം ചെയ്ത സ്ഥലത്തിന്റെ ഉടമസ്ഥനായ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്യേണ്ട സാഹചര്യം വരെയുണ്ടായി. കീഴാറ്റൂരില്‍ സമരക്കാരുമായി ചര്‍ച്ച നടത്താന്‍ റവന്യൂ വകുപ്പു നിര്‍ദേശം നല്‍കിയിട്ടും അതിനു തയാറാവാതെ സമരപ്പന്തല്‍ കത്തിക്കുകയാണു ചെയ്തത്. ദേശീയപാത വികസനം തടസ്സപ്പെടുത്താനല്ല, സ്വന്തം ഭൂമി സംരക്ഷിക്കാനാണു വയല്‍ക്കിളികള്‍ സമരം നടത്തുന്നത്. മേല്‍പ്പാലം ഉള്‍പ്പെടെയുള്ള സമാന്തര പരിഹാര മാര്‍ഗങ്ങള്‍ സമരക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും എം.എം. ഹസ്സന്‍ കൂട്ടിച്ചേര്‍ത്തു.

കീഴാറ്റൂരില്‍ സമരം ചെയ്യുന്നതു വയല്‍ക്കിളികളല്ല വയല്‍ക്കഴുകന്മാരാണ് എന്ന മന്ത്രി ജി.സുധാകരന്റെ പ്രസ്താവന സമരത്തിനെതിരായ ഭീഷണിയാണ്. റിയല്‍ എസ്റ്റേറ്റ് മുതലാളിമാരുടെ കോര്‍പറേറ്റ് താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ കമ്യൂണിസ്റ്റ് കഴുകന്മാര്‍ കീഴാറ്റൂരിനു മുകളില്‍ വട്ടമിട്ടു പറക്കുകയാണ്. കൊന്നും ആക്രമിച്ചും വയല്‍ക്കിളികളുടെ ശവംതിന്നാന്‍ വട്ടമിട്ടു പറക്കുന്നവരാണ് അവരെ കഴുകന്മാരെന്നു വിളിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Top