തിരുവനന്തപുരം: കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡില്‍ ലീഗ് എംഎല്‍എ അംഗം ആയതില്‍ ആശയ കുഴപ്പമില്ലെന്ന് കോണ്‍ഗ്രസ് നേതാവ് എംഎം ഹസ്സന്‍. ലീഗ് നേതൃത്വവുമായും ഹമീദ് എംഎല്‍എയുമായും സംസാരിച്ചു. മലപ്പുറത്തെ പോസ്റ്റര്‍ വിവാദത്തില്‍ പ്രതികരിക്കാനില്ലെന്നും എംഎം ഹസ്സന്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. നവ കേരള സദസ്സ് എന്നല്ല, ദുരിത കേരള സദസ്സ് എന്നാണ് പേരിടേണ്ടത്. 100 കോടി ചെലവ് യാത്രക്ക് വേണ്ടി വരും. ധൂര്‍ത്ത് ആയത് കൊണ്ടാണ് യുഡിഎഫ് ബഹിഷ്‌ക്കരിക്കുന്നതെന്നും എംഎം ഹസ്സന്‍ പറഞ്ഞു.
വിവാദം കത്തുന്നതിനിടെ വിഷയത്തില്‍ പ്രതികരണവുമായി പികെ ബഷീര്‍ എംഎല്‍എ രംഗത്തെത്തി. സഹകരണം സഹകരണ മേഖലയില്‍ മാത്രമെന്ന് പികെ ബഷീര്‍ എംഎല്‍എ പറഞ്ഞു. വരുന്ന തിരഞ്ഞെടുപ്പുകളിലെല്ലാം ലീഗ് യുഡിഎഫിന്റെ ഭാഗമായുണ്ടാകും. ലീഗ് യുഡിഎഫ് വിടുമെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. മുന്നണി വിടുമെന്ന പ്രചാരണമുണ്ടാക്കുന്നത് മാധ്യമങ്ങളെന്നും പി കെ ബഷീര്‍ എം എല്‍ എ പറഞ്ഞു.
കേരള ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിലേക്ക് മുസ്ലിം ലീഗ് എം എല്‍ എയെ തെരഞ്ഞെടുത്തിരുന്നു. മുസ്ലിം ലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറിയും വള്ളിക്കുന്ന് എംഎല്‍എയുമായ പി അബ്ദുല്‍ ഹമീദിനെയാണ് ഭരണ സമിതി അംഗമാക്കിയത്. നിലവില്‍ പട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം. ഇതാദ്യമായാണ് കേരള ബാങ്കില്‍ യുഡിഎഫില്‍ നിന്നുള്ള എംഎല്‍എ ഭരണ സമിതി അംഗമാകുന്നത്. മലപ്പുറം ജില്ലാ ബാങ്കിനെ കേരള ബാങ്കില്‍ ലയിപ്പിച്ചതിനെതിരെ യുഡിഎഫ് നല്‍കിയ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണയിലാണ്. ഇതിനിടയിലാണ് പുതിയ തീരുമാനം ഉണ്ടായത്.