ശശി തരൂര്‍ എംപിയുടെ നിലപാടിനെ പൂര്‍ണമായി പിന്തുണയ്ക്കുന്നുവെന്ന് എംഎം ഹസന്‍

mm-hassan

തിരുവനന്തപുരം : വീണ്ടും അധികാരത്തില്‍ വന്നാല്‍ ബിജെപി ഇന്ത്യയെ മതാധിപത്യ രാഷ്ട്രമാക്കുമെന്ന ശശി തരൂര്‍ എംപിയുടെ നിലപാടിനെ പൂര്‍ണമായി പിന്തുണയ്ക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍. ഇത് ജനാധിപത്യ മതേതരവിശ്വാസികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പൊതുവികാരമാണെന്നും ഹസന്‍ അറിയിച്ചു.

ആവശ്യമായ അംഗബലം തെരഞ്ഞെടുപ്പക്കപ്പെട്ട സഭകളില്‍ ഉണ്ടായിരുന്നെങ്കില്‍ പണ്ടേ ബിജെപി അങ്ങനെ ചെയ്യുമായിരുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിനോടൊപ്പം എല്ലാ സംസ്ഥാനങ്ങളിലെയും നിയമസഭാ തെരഞ്ഞെടുപ്പും ഒരുമിച്ചു നടത്താനുള്ള ബിജെപിയുടെ നീക്കം ഇതിന്റെ ഭാഗമാണ്.

ഇന്ത്യന്‍ ജനാധിപത്യവും മതേതരത്വവും കനത്ത വെല്ലുവിളി നേരിട്ട നാലു വര്‍ഷങ്ങളാണ് കടന്നുപോയത്. സാംസ്‌കാരിക പ്രവര്‍ത്തകര്‍, പത്രപ്രവര്‍ത്തകര്‍, ബുദ്ധിജീവികള്‍, ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, ദലിതര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തലങ്ങളില്‍പ്പെട്ടവര്‍ക്ക് നേരേ ആക്രമണം തുടരുകയാണ്. ഇതിനെതിരേ ലോകമെമ്പാടും വലിയ പ്രതിഷേധം ഉയരുകയും ചെയ്തിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ്മുക്ത ഭാരതം എന്ന് പരസ്യമായും ന്യൂനപക്ഷമുക്ത ഭാരതം എന്ന് രഹസ്യമായും ബിജെപി ഉയര്‍ത്തുന്ന മുദ്രാവാക്യങ്ങളാണ്. മതാധിപത്യരാഷ്ട്രമായ പാക്കിസ്ഥാന്‍ പോലെയുള്ള ഒന്നിനെയാണ് അവര്‍ ഇന്ത്യയില്‍ സ്വപ്നം കാണുന്നത്. ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം പ്രാപിച്ച പാക്കിസ്ഥാന്‍ മതാധിപത്യരാഷ്ട്രമായി പടുത്തിയുര്‍ത്തിയതിന്റെ കെടുതികള്‍ ആ രാജ്യം മാത്രമല്ല ഇന്ത്യയും അനുഭവിക്കുകയാണ്. ഭീകരരുടെയും തീവ്രവാദികളുടെയും കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ആ രാജ്യത്തെ അനുകരിക്കാനുള്ള ബിജെപിയുടെ ശ്രമത്തെ ഇന്ത്യന്‍ ജനത അംഗീകരിക്കില്ലെന്നും ഹസന്‍ വ്യക്തമാക്കി.

Top