കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കള്‍ക്കാണ് പ്രധാന്യം നല്‍കേണ്ടതെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എം.എം ലോറന്‍സ്. കെ. വി തോമസിനല്ല പകരം പ്രാധാന്യം നല്‍കേണ്ടത്. ഇക്കാര്യത്തില്‍ ചിന്തിച്ച് തീരുമാനമെടുക്കണം. പ്രായം പരിഗണിച്ച് ഇനിയും മത്സരിക്കേണ്ടതുണ്ടോ എന്ന് കെ. വി തോമസ് ആലോചിക്കണമെന്നും ലോറന്‍സ് പറഞ്ഞു.
കെ.വി തോമസിനെ സ്വാഗതം ചെയ്തു കൊണ്ട് സിപിഎം ജില്ലാ സെക്രട്ടറി സി. എന്‍ മോഹനന്‍ രംഗത്തെത്തിയതിനു പിന്നാലെയാണ് യുവാക്കള്‍ക്ക് പ്രാധാന്യം നല്‍കണമെന്ന് എം എം ലോറന്‍സ് പറയുന്നത്. കെ. വി തോമസിനേക്കാള്‍ ജയസാധ്യതയുള്ള യുവാക്കളുണ്ടെങ്കില്‍ എറണാകുളത്ത് അവര്‍ക്ക് പ്രാധാന്യം കൊടുക്കുകയാണ് വേണ്ടതെന്ന് എംഎം ലോറന്‍സ് പറഞ്ഞു. ഇനിയും മത്സസരിക്കാന്‍ നില്‍ക്കുന്നത് ശരിയാണോ എന്നാലോചിക്കേണ്ടത് കെ. വി തോമസാണെന്നും ലോറന്‍സ് വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യുഡിഎഫിനകത്ത് സമ്മര്‍ദ്ദമുണ്ടാക്കുക ലക്ഷ്യമിട്ടാണ് കെ. വി തോമസ് ഇത്തരമൊരു നിലപാട് സ്വീകരിച്ചതെന്നും എംഎം ലോറന്‍സ് പറഞ്ഞു. വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ട്ടി നേതൃത്വമാണ്. തോമസ് എല്‍ഡിഎഫിലേക്ക് വന്നാല്‍ അത് പാര്‍ട്ടിക്ക് ഗുണകരമാകുമോ ഇല്ലയോ എന്ന് ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും എംഎം ലോറന്‍സ് പറഞ്ഞു.