തൊടുപുഴ: മന്ത്രി പദവിയുടെ മാന്യതയ്ക്ക് അപമാനമായി മന്ത്രി എം എം മണി.
ദേവികുളം സബ് കളക്ടര്‍ വി.ശ്രീറാമിനെ ഊളമ്പാറയ്ക്ക് വിടണമെന്ന് നേരത്തെ പ്രസംഗിച്ച മണി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും യു ഡി എഫ് നേതാക്കളെയും കൂടി ഊള ബാറയിലേക്ക് വിടണമെന്ന് വീണ്ടും ആവര്‍ത്തിച്ചു.
സബ് കളക്ടര്‍ ശ്രീറാം വെറും ചെറ്റയാണെന്നും കളക്ടര്‍ ഗോകുല്‍ കഴിവ് കെട്ടവനാണെന്നും മന്ത്രി തുറന്നടിച്ചു. സ്പിരിറ്റ് ഇന്‍ ജീസസ് സ്ഥാപകന്‍ ടോം സക്കറിയ കയ്യേറ്റക്കാരനല്ലന്നും മന്ത്രി പറഞ്ഞു.
ചെന്നിത്തല ആര്‍എസ്എസുകാരനാണെന്നും, സബ് കലക്ടര്‍ യോഗ്യനാണെന്നു ചെന്നിത്തല സര്‍ട്ടിഫിക്കറ്റ് കൊടുത്തിട്ടുണ്ടെന്നും ചെന്നിത്തലയുടെ പശ്ചാത്തലം കൂടി വച്ചുനോക്കുമ്പോള്‍ സബ് കലക്ടര്‍ വര്‍ഗീയവാദിയാണെന്ന തന്റെ വാദം ശരിയെന്നു തെളിയുകയാണെന്നും മന്ത്രി പറഞ്ഞു.
കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ മുന്‍ ദൗത്യസംഘത്തലവന്‍ സുരേഷ്‌കുമാര്‍ മൂന്നാറില്‍ കള്ളുകുടിയും കഞ്ചാവുവലിയും ആയിരുന്നെന്നും മണി ആരോപിച്ചു.
ചില കത്തനാരുമാര്‍ പറയുന്നതു പാപ്പാത്തിച്ചോലയിലെ കുരിശു പൊളിച്ചതില്‍ പ്രശ്‌നമില്ലെന്നും അതു കയ്യേറ്റ സ്ഥലത്തായിരുന്നുവെന്നുമാണ്. അവിടെ കുരിശു വന്നിട്ട് 64 കൊല്ലമായി. എന്നിട്ട് ഇത്രയും കാലം അവര്‍ എവിടെയായിരുന്നു. അയോധ്യയിലെ പള്ളി പൊളിച്ചപോലെയാണു പാപ്പാത്തിച്ചോലയിലെ കുരിശു തകര്‍ത്തതെന്നും മന്ത്രി ആവര്‍ത്തിച്ചു.
കുരിശു തകര്‍ക്കുമ്പോള്‍ സന്തോഷിക്കാന്‍ ഹിന്ദുത്വ വര്‍ഗീയവാദികള്‍ക്കേ സാധിക്കൂ. സബ് കലക്ടര്‍ അങ്ങനെയാണെന്നു സംശയമുണ്ട്. അത്രയ്ക്കും ആഘോഷമായും ആവേശത്തോടെയുമാണു കുരിശു തകര്‍ത്തത്. വി. ശ്രീറാം ആര്‍എസ്എസിനു വേണ്ടി കുഴലൂത്തുനടത്തുകയാണെന്നും മന്ത്രി മണി പറഞ്ഞു.
മണിക്കെതിരെ സര്‍ക്കാറിലും ഇടതുമുന്നണിയിലും പൊതുസമൂഹത്തിലും പ്രതിഷേധം ശക്തമായിരിക്കെ കൂടുതല്‍ പ്രകോപനമുണ്ടാക്കുന്നത് സ്ഥിതി ആകെ വഷളാക്കിയിരിക്കുകയാണ്.
ഐ എ എസുകാരെ അപമാനിച്ച മന്ത്രിയെ പാഠം പഠിപ്പിക്കാന്‍ തന്നെയാണ് ഐ എ എസുകാരുടെ തീരുമാനം. ഇതിനിടെ പൊമ്പുളൈ ഒരുമൈ സമരത്തിനെതിരെ മണി നടത്തിയ പ്രസ്താവനയും വിവാദമായി. പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രിതന്നെ മണിയെ തള്ളി രംഗത്ത വന്നു.
മൂന്നാര്‍ ഒഴിപ്പിക്കലിനെത്തിയ സുരേഷ്‌കുമാര്‍ അവിടെ ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം മദ്യപാനമായിരുന്നു പരിപാടിയെന്നും അക്കാലത്ത് കുടിയും സകല വൃത്തിക്കേടും നടന്നിട്ടുണ്ട്. പൊമ്പിളൈ ഒരുമൈയുടെ സമരകാലത്തും ഇതൊക്കെ തന്നെയാണ് നടന്നതെന്നും സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടിയെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകള്‍.
മന്ത്രി നേരിട്ടെത്തി മാപ്പ് പറയാതെ പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറില്ലന്നാണ് സമരക്കാരുടെ ആവശ്യം. എം എം മണി രാജി വയ്ക്കണമെന്ന് പ്രതിപക്ഷവും ആവശ്യപ്പെട്ടിട്ടുണ്ട്.