ഇടുക്കി: മൂന്നാറിലെ പൊമ്പിളൈ ഒരുമൈ കൂട്ടായ്മയുടെ സമരത്തിനെതിരായ മന്ത്രി എം എം മണിയുടെ വിവാദ പ്രസ്താവനയിലുലഞ്ഞ് ഇടത് സര്‍ക്കാര്‍.
മന്ത്രിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി റോഡ് ഉപരോധിച്ച് പൊമ്പിളൈ ഒരുമൈ ശക്തമായ പ്രതിഷേധമാണ് അഴിച്ച് വിട്ടിരിക്കുന്നത്. ബിജെപിയും കോണ്‍ഗ്രസ്സും വിഷയം ഏറ്റെടുത്തു കഴിഞ്ഞു.
വിവാദമായ അടിമാലി ഇരുപതേക്കറിലെ പ്രസംഗത്തിലാണ് മണി പൊമ്പിളൈ ഒരുമൈ കൂട്ടായ്മയുടെ സമരത്തെ അപമാനിക്കുന്ന രീതിയില്‍ സംസാരിച്ചത്.
പൊമ്പിളൈ ഒരുമയ്‌ക്കെതിരെ വിവാദ പരാമര്‍ശം നടത്തിയ മന്ത്രി മണി മാപ്പ് പറയുന്നതു വരെ സമരം നടത്തുമെന്ന് പൊമ്പിളൈ ഒരുമൈ നേതാവ് ഗോമതി അറിയിച്ചു. മന്ത്രി നേരിട്ടെത്തി മാപ്പ് പറയുന്നതു വരെ മൂന്നാര്‍ റോഡില്‍ കുത്തിയിരുന്ന് സമരം നടത്തുമെന്ന് അവര്‍ വ്യക്തമാക്കി.
പാവപ്പെട്ട തോട്ടം തൊഴിലാളികളെ അപമാനിക്കുന്ന പരാമര്‍ശമാണ് മന്ത്രി നടത്തിയത്. തോട്ടം തൊഴിലാളികളെ കുറിച്ച് പറയാന്‍ മണിക്ക് എന്ത് യോഗ്യതയുണ്ടെന്നും ഗോമതി ചോദിച്ചു. സ്ത്രീത്വത്തെ അപമാനിക്കുകയാണ് മണി ചെയ്തതെന്നും ഗോമതി പ്രതികരിച്ചു.
മൂന്നാര്‍ ഒഴിപ്പിക്കലിനെത്തിയ സുരേഷ്‌കുമാര്‍ അവിടെ ഗസ്റ്റ് ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം മദ്യപാനമായിരുന്നു പരിപാടിയെന്നും അക്കാലത്ത് കുടിയും സകല വൃത്തിക്കേടും നടന്നിട്ടുണ്ട്. പെമ്പിളൈ ഒരുമൈയുടെ സമരകാലത്തും ഇതൊക്കെ തന്നെയാണ് നടന്നതെന്നും സമരസമയത്ത് അവിടെ കാട്ടിലായിരുന്നു പരിപാടിയെന്നുമായിരുന്നു മന്ത്രിയുടെ വാക്കുകള്‍.
കയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടറേയും സബ് കളക്ടറേയും അപമാനിച്ച എം എം മണി ‘പൊമ്പിളൈ’യെ തൊട്ടതോടെ പെട്ടിരിക്കുകയാണിപ്പോള്‍.
അതേസമയം എം എം മണിയുടെ വിവാദ പ്രസ്താവനയെ തള്ളി മുഖ്യമന്ത്രി രംഗത്ത് വന്നിട്ടുണ്ട്.