മൂന്നാര്‍: പെമ്പിളൈ ഒരുമൈ പ്രവര്‍ത്തകര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തിയെന്നാരോപിച്ച് എംഎം മണിക്കെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ മന്ത്രിക്ക് പിന്തുണയുമായി മൂന്നാറില്‍ സിപിഎം പ്രകടനവും വിശദീകരണ യോഗവും സംഘടിപ്പിച്ചു.
മാധ്യമ ഗൂഢാലോചനയാണ് മണിക്കെതിരായ നീക്കത്തിന് പിന്നിലെന്നും മന്ത്രി സ്ഥാനം മണി രാജിവയ്ക്കുമെന്ന് കരുതേണ്ടന്നും സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി എന്‍ വിജയന്‍ പറഞ്ഞു.
കെ.സുരേഷ് കുമാര്‍ കൈയേറ്റമെന്ന് പറഞ്ഞ സിപിഐ ഓഫീസ് പൊളിച്ച് നീക്കാന്‍ കാനം രാജേന്ദ്രന്‍ സബ്കളക്ടറോട് പറയുമോയെന്ന് പി.എന്‍ വിജയന്‍ ചോദിച്ചു.
കോണ്‍ഗ്രസ്-ബിജെപി സഖ്യം മണിയുടെ ചോരകുടിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും ഇത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ പാര്‍ട്ടിയുടെ അടിത്തറ ജനങ്ങളാണ്. അവരോട് കാര്യങ്ങള്‍ വിശദീകരിക്കുമെന്നും വിജയന്‍ പറഞ്ഞു.
മണിക്ക് അഭിവാദ്യം അര്‍പ്പിച്ച് കൊണ്ട് മൂന്നാര്‍ ടൗണില്‍ ഇരുന്നൂറോളം സിപിഎം പ്രവര്‍ത്തകര്‍ അണി നിരന്ന പ്രകടനവും നടന്നു.
മണിയുടെ പ്രസ്താവനക്കെതിരെ പെമ്പിളൈ ഒരുമൈയുടെ നേതൃത്വത്തില്‍ മൂന്നാര്‍ ടൗണില്‍ സമരം നടത്തുന്നുണ്ട്.