തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്നത് ബിജെപി നേതാക്കള്‍ തന്നെയാണെന്ന് മന്ത്രി എം എം മണി. കേന്ദ്ര സര്‍ക്കാരിന്റെ ആഭ്യന്തര മന്ത്രാലയം തന്നെയാണ് വിധി നടപ്പിലാക്കാന്‍ കേരള സര്‍ക്കാരിന് കത്തയിച്ചിരിക്കുന്നത്. എന്നാല്‍ കേന്ദ്രം ഭരിക്കുന്ന ബിജെപി നേതാക്കള്‍ തന്നെയാണ് അതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
കേന്ദ്ര സർക്കാരിന്റെ ആഭ്യന്തര മന്ത്രാലയം ശബരിമല പ്രശ്നത്തിൽ ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ നിന്നും ഉണ്ടായ വിധി നടപ്പിലാക്കണമെന്നും, അതിനാവശ്യമായ സംരക്ഷണം നൽകണമെന്നും, സുപ്രീം കോടതി വിധിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ഉണ്ടാകാവുന്ന സംഘർഷം ക്രമസമാധാന നില തകർക്കാതെ നോക്കണമെന്നും നിർദ്ദേശിച്ച് കത്തയച്ചിരിക്കുകയാണ്. എന്നാൽ, കോടതി വിധി നടപ്പിലാക്കാൻ കേരള സർക്കാർ ശ്രമിക്കുമ്പോൾ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി. യുടെ നേതാക്കൾ തന്നെയാണ് അതിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്നതും, നാമജപം എന്ന മറവിൽ അക്രമം നടത്തുന്നതും എന്നത് വിരോധാഭാസമാണ്. കേരളത്തിൽ കലാപം ഉണ്ടാക്കാൻ ശ്രമിക്കുന്ന ആർ.എസ്.എസ് – ബി.ജെ.പി. നേതാക്കളെ ഇതിൽ നിന്നും പിന്തിരിപ്പിക്കാൻ പ്രധാനമന്ത്രിയോ, കേന്ദ്ര മന്ത്രിമാരോ, ബി.ജെ.പി.യുടെ കേന്ദ്ര നേതൃത്വമോ ശ്രമിക്കുന്നില്ല എന്നത് ഒരുതരം ഇരട്ടത്താപ്പാണ്. ഒരു വശത്തു നിന്ന് കോടതി വിധി നടപ്പാക്കണമെന്ന് പറയുന്നതും മറുവശത്തു നിന്ന് കോടതി വിധി നടപ്പാക്കാൻ സമ്മതിക്കില്ലെന്ന് പറയുന്നതും ബി.ജെ.പി. തന്നെയാണ്. ഇതിലുള്ള രാഷ്ട്രീയക്കളി ജനങ്ങൾ തിരിച്ചറിയുന്നുണ്ട്.