ശബരിമലയില്‍ കോണ്‍ഗ്രസ്സ് നേതാക്കളുടെ ഉദ്ദേശ്യം എന്തെന്ന് ജനങ്ങള്‍ക്കറിയാം; എം എം മണി

തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസ്സ് നേതാവ് ഉമ്മന്‍ചാണ്ടിയുടെയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെയും ഉദ്ദേശ്യം എന്തെന്ന് ജനങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടെന്ന് മന്ത്രി എം എം മണി. സമന്വയത്തില്‍ക്കൂടി വിഷയം നടപ്പിലാക്കാമെന്നാണ് ഉമ്മന്‍ചാണ്ടി പറഞ്ഞത്. ആ രീതി സ്വീകരിച്ചിരുന്നെങ്കില്‍ ഇപ്പോഴത്തെ നിലപാടില്‍ നിന്ന് ഇവര്‍ മാറുമായിരുന്നോ എന്നും മന്ത്രി ഫേസ്ബുക്കിലൂടെ ചോദിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ശബരിമലയിലെ സ്ത്രീപ്രവേശന പ്രശ്‍നം സി.പി.എം. ചോദിച്ചു വാങ്ങിയതെന്നാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിമർശനം. സമന്വയത്തിൽക്കൂടി നടപ്പിലാക്കാമായിരുന്നുവെന്നാണ് ഉമ്മൻ ചാണ്ടി പറഞ്ഞിരിക്കുന്നത്. സംസ്ഥാന സർക്കാർ കേന്ദ്ര സർക്കാരിനോട് പറഞ്ഞ് ഓർഡിനൻസ് ഇറക്കണമെന്നാണ് അദ്ദേഹത്തിന്റെ പുതിയ കണ്ടുപിടുത്തം. ശബരിമലയിലെ സംഭവഗതികളെല്ലാം മന്ത്രിസഭയുടെ വിവേകമില്ലായ്മ എന്നാണ് പ്രതിപക്ഷ നേതാവിന്റെ വിമർശനം. ബഹുമാന്യരായ ഈ രണ്ടു നേതാക്കളും ഈ ലോകത്തെങ്ങുമല്ലെന്ന മട്ടിലാണ് പ്രസ്താവന നടത്തിയിരിക്കുന്നത്. . ഇവർ നടത്തിയ നിർദ്ദേശങ്ങളൊന്നും സാമാന്യബുദ്ധിക്ക് നിരക്കുന്നതല്ല. ഈ ഉപദേശങ്ങൾ സ്വീകരിച്ചിരുന്നെങ്കിൽ കോൺഗ്രസ് – ബിജെ.പി. – ആർ.എസ്.എസ്. നേതാക്കന്മാർ അവരുടെ ഇപ്പോഴത്തെ നിലപാടിൽ നിന്നും മാറുമായിരുന്നോ? ശബരിമല വിഷയത്തിൽ ഇക്കൂട്ടരുടെ ഉദ്ദേശ്യം എന്താണെന്ന് ജനങ്ങൾക്ക് നല്ല ബോദ്ധ്യമുണ്ട്.

Top