തിരുവനന്തപുരം: കോണ്‍ഗ്രസ് പാര്‍ട്ടിയെ പരിഹസിച്ച് മന്ത്രി എം എം മണി. നെഹ്‌റു കുടുംബത്തെ വിട്ടുള്ള കോണ്‍ഗ്രസ് നേതൃത്വത്തെക്കുറിച്ച് ചിന്തിക്കാനേ കഴിയാത്ത അവസ്ഥയിലേക്ക് കോണ്‍ഗ്രസ് എത്തിച്ചേര്‍ന്നിരിക്കുകയാണ്. എന്തായാലും ഗാന്ധിജി പറഞ്ഞിരുന്നതുപോലെ കോണ്‍ഗ്രസിനെ ഇനി പിരിച്ചു വിടേണ്ടതില്ല; അവര്‍ സ്വയം പിരിഞ്ഞു കഴിഞ്ഞിരിക്കുന്നുവെന്നും മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:
സ്വാതന്ത്ര്യാനന്തരം ഗാന്ധിജി പറഞ്ഞിരുന്നു: ” ഇന്ത്യൻ നാഷണൽ കോൺഗ്രസ്” പിരിച്ചുവിടണം”. അന്ന് അത് പ്രാവർത്തികമാക്കിയില്ല. 1947 മുതൽ പതിറ്റാണ്ടുകൾ ഏക ഛത്രാധിപതിയെപ്പോലെ ഇന്ത്യ ഭരിച്ചിരുന്ന കോൺഗ്രസ് പാർട്ടിയുടെ ഇന്നത്തെ അവസ്ഥ കാണുമ്പോൾ “ഹാ കഷ്ടം” എന്നല്ലാതെന്തു പറയാൻ.
സ്വാതന്ത്ര്യം കിട്ടിക്കഴിഞ്ഞപ്പോൾ ജവഹർലാൽ നെഹ്റു പ്രധാനമന്ത്രി. അദ്ദേഹം അന്തരിച്ചതിനെത്തുടർന്ന് ലാൽ ബഹദൂർ ശാസ്ത്രിയും. പിന്നീട് ഇന്ദിരാഗാന്ധി, തുടർന്ന് രാജീവ് ഗാന്ധി അങ്ങനെ പ്രധാനമന്ത്രി പദവിയും, സോണിയാ ഗാന്ധിയിലൂടെ കോൺഗ്രസ് പാർട്ടിയും നെഹ്റു കുടുംബത്തിന്റെ മാത്രം സ്വത്താക്കി മാറ്റി. നെഹ്റു കുടുംബത്തെ വിട്ടുള്ള കോൺഗ്രസ് നേതൃത്വത്തെക്കുറിച്ച് ചിന്തിക്കാനേ കഴിയാത്ത അവസ്ഥയിലേക്ക് കോൺഗ്രസ് എത്തിച്ചേർന്നു.. ഇപ്പോൾ എ.ഐ.സി.സിക്ക് സ്ഥിരമായി ഒരു പ്രസിഡന്റു പോലുമില്ല.
ഇതിന്റെയെല്ലാം ചിത്രമാണ് വിവിധ സംസ്ഥാനങ്ങളിൽ കോൺഗ്രസിന്റെ ഇന്നത്തെ സ്ഥിതി. കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാന സർക്കാരുകളെ കോൺഗ്രസുകാർ തന്നെ അട്ടിമറിച്ചു കൊണ്ടിരിക്കുന്നു എന്നത് ലജ്ജാകരമാണ്. അവരെ ആർക്കും വിലയ്ക്കു വാങ്ങാമെന്ന അവസ്ഥ. മാത്രമല്ല,
അവരുടെ മുൻ എംപിമാരും എംഎൽഎമാരും നേതാക്കളും കൂട്ടത്തോടെ ബിജെപിയിൽ ചേക്കേറുകയാണ്. ഇതൊന്നും മനസ്സിലാക്കാനുള്ള വിവേകം കോൺഗ്രസ് പാർട്ടിക്ക് ഇല്ലാതെ പോയി എന്നത് പരിതാപകരമാണ്.
എന്തായാലും ഗാന്ധിജി പറഞ്ഞിരുന്നതുപോലെ കോൺഗ്രസിനെ ഇനി പിരിച്ചു വിടേണ്ടതില്ല; അവർ സ്വയം പിരിഞ്ഞു കഴിഞ്ഞിരിക്കുന്നു.