തിരുവനന്തപുരം: ശബരിമലയില്‍ വിമാനത്താവളം ഉണ്ടാക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി എം എം മണി. എന്നാല്‍ അതിനു വേണ്ടി കണ്ടെത്തിയ സ്ഥലം കാലങ്ങളായി തോട്ടങ്ങളാണ്. ഇപ്പോള്‍ വിമാനത്താവള നിര്‍മ്മാണം അട്ടിമറിക്കാന്‍ ഭൂപരിഷ്‌കരണ നിയമവുമെടുത്ത് ചിലര്‍ ഇറങ്ങിയിട്ടുണ്ട്. ഇവരുടെ ലക്ഷ്യം സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങളെ അട്ടിമറിക്കുക മാത്രമാണെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
എം എം മണിയുടെ ഫേസ്ബുക്ക് പോസ്റ്റ്:
ശബരിമല രാജ്യത്തെ പ്രധാനപ്പെട്ട ആരാധനാ കേന്ദ്രമാണ്. എരുമേലിയിൽ ഒരു വിമാനത്താവളം ഉണ്ടാകേണ്ടത് ഇക്കാരണത്താൽ പ്രധാനപ്പെട്ടതാണ്. ശബരിമല ദർശനത്തിന് വരുന്നവർക്ക് മാത്രമല്ല പ്രവാസികൾ ധാരാളമുള്ള പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിലെ ജനങ്ങൾക്കും ഇത് ഒരു പ്രധാനപ്പെട്ട വികസന പ്രശ്നമാണ്.
വിമാനത്താവളത്തിന് കണ്ടെത്തിയ സ്ഥലം കാലങ്ങളായി തോട്ടമാണ്. ഭൂപരിഷ്കരണ നിയമം ലംഘിച്ചുവെന്ന തർക്കമൊന്നും ഇതുവരെ ആരും പറഞ്ഞു കേട്ടിരുന്നില്ല. എന്നാൽ, ഇപ്പോൾ വിമാനത്താവള നിർമ്മാണം അട്ടിമറിക്കാൻ ഭൂപരിഷ്കരണ നിയമവുമെടുത്ത് ചിലർ ഇറങ്ങിയിട്ടുണ്ട്. ഇവർക്ക് ഭൂപരിഷ്കരണമോ സാധാരണക്കാരുടെ പ്രയാസങ്ങളോ ഒന്നുമല്ല പ്രശ്നം. വികസന പ്രവർത്തനങ്ങളെ എങ്ങനെ അട്ടിമറിക്കാം എന്നതു മാത്രമേ ആലോചനയുള്ളൂ. എന്തായാലും അതിനു കീഴ്പ്പെടാൻ സർക്കാർ തീരുമാനിച്ചിട്ടില്ല.