തിരുവനന്തപുരം: മുസ്ലീംലീഗിനെതിരായ വിമര്‍ശനം തുടരുമെന്ന് മന്ത്രി എം എം മണി. മുസ്ലീംമുകളുടെ ആകെ അവകാശം ലീഗിനില്ല. തലശ്ശേരി, മാറാട് കലാപകാലത്ത് മുണ്ട് മടക്കിക്കുത്തി നിന്നത് സിപിഎം നേതാക്കളെന്നും മന്ത്രി വ്യക്തമാക്കി. സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പാണക്കാട് പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. കോണ്‍ഗ്രസിന്റെ ശബരിമല വാഗ്ദാനം ബഡായിയാണ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയത്തില്‍ നിയമ നിര്‍മ്മാണം നടത്താനാകില്ലെന്നും എം എം മണി പറഞ്ഞു.
മുസ്ലീംലീഗ് വര്‍ഗീയ കക്ഷിയാണെന്നും പാണക്കാട് തറവാടിലേക്ക് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും പോയത് തീവ്രവാദ ബന്ധം ഉറപ്പിക്കാനാണെന്നുമായിരുന്നു സിപിഎം ആക്ടിംഗ് സെക്രട്ടറി എ.വിജയരാഘവന്റെ പ്രസ്താവന. വിജയരാഘവന്റെ പ്രസ്താവന അസ്ഥാനത്തുള്ളതും അതിരു കടന്നതാണെന്നും സെക്രട്ടേറിയറ്റ് വിലയിരുത്തിയിരുന്നു.
അതേസമയം, വിജയരാഘവന്‍ ലീഗിനെതിരെ നടത്തിയ പരാമര്‍ശം മുന്നണിയെ ബാധിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ വ്യക്തമാക്കി. അത്തരം പ്രതികരണങ്ങള്‍ വേണോ എന്ന് തീരുമാനിക്കേണ്ടത് അദ്ദേഹം തന്നെയാണ്. എല്‍ഡിഎഫ് മതനിരപേക്ഷതയാണ് സ്വീകരിക്കുന്നത്. വര്‍ഗ്ഗീയത രാഷ്ട്രീയത്തില്‍ കൊണ്ടു വരുന്നത് നിക്ഷിപ്ത താല്‍പര്യക്കാരാണെന്നും കാനം പ്രതികരിച്ചു.