mm mani-new-minister

തിരുവനന്തപുരം: കേരള മന്ത്രിസഭയില്‍ പുതിയ മന്ത്രിയായി ഇടുക്കി ഉടുമ്പന്‍ചോല എംഎല്‍എ എം.എം. മണി സത്യപ്രതിജ്ഞ ചെയ്തു.

രാജ്ഭവന്‍ അങ്കണത്തില്‍ പ്രത്യേകം തയാറാക്കിയ വേദിയില്‍ ഗവര്‍ണര്‍ റിട്ട. ജസ്റ്റിസ് പി. സദാശിവം മുന്‍പാകെയാണ് മണി സത്യപ്രതിജ്ഞ ചെയ്തത്. മണിയുടെ കുടുംബവും കുഞ്ചിത്തണ്ണി നിവാസികളും സത്യപ്രതിഞ്ജ ചടങ്ങില്‍ പങ്കെടുത്തു.

ബന്ധുനിയമന വിവാദത്തെത്തുടര്‍ന്ന് ഇ.പി.ജയരാജന്‍ രാജിവച്ച ഒഴിവിലേക്കാണ് മണി മന്ത്രിയായെത്തുന്നത്. മണിക്ക് വൈദ്യുതവകുപ്പിന്റെ ചുമതലയാണ് ലഭിക്കുകയെന്നാണ് സൂചന. എ.സി.മൊയ്തീന് വ്യവസായവും കടകംപള്ളി സുരേന്ദ്രന് വൈദ്യുതിക്ക് പകരം സഹകരണവും ടൂറിസവും ലഭിക്കുമെന്നാണ് വിവരം.

മന്ത്രി ആയതിന്റെ പേരില്‍ ശൈലി മാറ്റില്ലെന്ന് എം.എം മണി ഇന്ന് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ശൈലി മാറ്റേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ല. മന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് ഉത്തരവാദിത്വ ബോധത്തോടെ മാത്രമെ പ്രതികരിക്കൂ. മന്ത്രി അല്ലാതിരുന്ന കാലത്ത് നടത്തിയതുപോലെയുള്ള പ്രതികരണങ്ങള്‍ മന്ത്രിസ്ഥാനത്തിരുന്ന് നടത്താനാകില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

മുണ്ടയ്ക്കല്‍ വീട്ടില്‍ പരേതരായ മാധവന്റെയും ജാനകിയുടെയും ഒന്‍പത് മക്കളില്‍ മൂത്തവനായ എം.എം. മണി ജനിച്ചത് കോട്ടയം ജില്ലയിലെ മുണ്ടക്കയത്തായിരുന്നു. ചെത്തു തൊഴിലാളിയായിരുന്ന മാധവന്‍ 57ല്‍ ഇടുക്കി ജില്ലയിലെ കുഞ്ചിത്തണ്ണിയിലേക്കു കുടിയേറി.

കിടങ്ങൂര്‍ എന്‍എസ്എസ് സ്‌കൂളില്‍ അഞ്ചാം ക്ലാസുവരെ പഠിച്ച മണിക്കു പണമില്ലാത്തതിനെ തുടര്‍ന്നു വിദ്യാഭ്യാസം പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടിവന്നു

സതി (രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റ്), ശ്യാമള, സുമ (രാജകുമാരി പഞ്ചായത്ത് അംഗം), ഗീത, ശ്രീജ (സഹകരണ ബാങ്ക് ഉദ്യോഗസ്ഥ) എന്നിവര്‍ മക്കള്‍. കുഞ്ചിത്തണ്ണിയിലെ ഇരുപതേക്കര്‍ വീട്ടില്‍ മകള്‍ ശ്യാമളയോടൊപ്പമാണ് മണിയും ഭാര്യയും താമസിക്കുന്നത്.

1966ല്‍ 22ാം വയസ്സില്‍ പാര്‍ട്ടി അംഗമായി. 74ല്‍ ജില്ലാ കമ്മിറ്റി അംഗം. 85ല്‍ ജില്ലാ സെക്രട്ടറിയായി. തുടര്‍ന്ന് 88, 91, 93, 97, 2001, 2004, 2007, 2012 എന്നീ കാലയളവിലും ജില്ലാ സെക്രട്ടറിയായി. പിന്നീടു സംസ്ഥാന കമ്മിറ്റി അംഗം. 2012ല്‍ വിവാദമായ മണക്കാട്ടെ വണ്‍ ടൂ ത്രീ പ്രസംഗത്തെ തുടര്‍ന്നു ജില്ലാ സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. ഇപ്പോള്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം.

മണക്കാട്ടെ പ്രസംഗത്തിന്റെ പേരില്‍ 46 ദിവസം ജയില്‍വാസം അനുഭവിച്ചു. ഉടുമ്പന്‍ചോല മണ്ഡലത്തില്‍ 96ല്‍ മത്സരിച്ചെങ്കിലും ഇ.എം.ആഗസ്തിയോടു പരാജയപ്പെട്ടു. ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉടുമ്പന്‍ചോലയില്‍നിന്ന് 1109 വോട്ടുകള്‍ക്കാണു വിജയിച്ചത്.

Top