മണിയുടെ രാജിയാവശ്യം പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് സഭ താല്‍കാലികമായി നിര്‍ത്തിവെച്ചു

തിരുവനന്തപുരം: എംഎം മണിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം ബഹളം വെച്ചതിനെ തുടര്‍ന്ന് സഭ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു.

എംഎം മണിയുടെ രാജിയാവശ്യപ്പെട്ട് പ്രതിപക്ഷം വീണ്ടും നടുത്തലളത്തിലിറങ്ങുകയും പ്ലക്കാര്‍ഡുകളുയര്‍ത്തി ബഹളം വെക്കുകയും ചെയ്തതിനാലാണ് സഭ നിര്‍ത്തിവെച്ചത്.

മൂന്നാര്‍ കയ്യേറ്റവും മന്ത്രിയുടെ പരാമര്‍ശവും ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നല്‍കിയ അടിയന്തരപ്രമേയത്തിന് അവതരണാനുമതി നിഷേധിച്ചതോടെയാണ് പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങിയത്.

പ്രതിപക്ഷ അംഗങ്ങള്‍ കറുത്ത ബാനറുകളുമായി സ്പീക്കറുടെ ഇരിപ്പിടത്തിന് ചുറ്റുമെത്തി. തുടര്‍ന്ന് എന്ത് അരാജകത്വമാണ് കാണിക്കുന്നതെന്ന് സ്പീക്കര്‍ ചോദിച്ചു. പ്രതിപക്ഷ അംഗങ്ങളും സ്പീക്കറുമായി വാക്കേറ്റമുണ്ടായി.

സ്പീക്കറുടെ ഇരിപ്പിടം മറക്കുന്ന രീതിയില്‍ പ്രതിഷേധിക്കുന്നത് ശരിയല്ലെന്നും മര്യാദയില്ലാതെ പ്രതിഷേധിക്കരുതെന്നും സ്പീക്കര്‍ പ്രതിപക്ഷത്തോട് പറഞ്ഞു.

കസേര മറയ്ക്കുന്ന രീതിയില്‍ ബാനര്‍ പിടിച്ചതില്‍ സ്പീക്കര്‍ അതൃപ്തിയും അറിയിച്ചു.

മണി രാജിവയ്ക്കുകയോ മുഖ്യമന്ത്രി പുറത്താക്കുകയോ ചെയ്യുവരെ പ്രതിഷേധം തുടരുമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

Top