ഇടുക്കി: വിവാദ ചോദ്യങ്ങള്‍ക്ക് മറുപടി പറയാതെ പത്ര സമ്മേളനം ഇടക്ക് വച്ച് നിര്‍ത്തി മന്ത്രി എം.എം മണി ഇറങ്ങിപ്പോയി.പ്രളയ ദുരന്തവുമായി ബന്ധപ്പെട്ട് ‘കുഴക്കുന്ന’ ചോദ്യങ്ങള്‍ ശക്തമായതോടെ ‘വയ്യാവേലിയില്‍ കേറി പിടിക്കാതെ’ എന്ന് പറഞ്ഞ് മന്ത്രി പത്ര സമ്മേളനം നിര്‍ത്തി ഇറങ്ങി പോവുകയായിരുന്നു.കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ക്ക് തെറ്റ് പറ്റിയിട്ടില്ലന്ന് വീണ്ടും മണി ആവര്‍ത്തിച്ചു വ്യക്താക്കി.
ഇലക്ട്രിസിറ്റി ബോര്‍ഡും വാട്ടര്‍ അതോരിറ്റിയും ഡാമുകള്‍ തുറക്കുന്നതിന് മുന്‍പ് ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും ചെയ്തിരുന്നു. തന്റെ സാന്നിധ്യത്തില്‍ ബോര്‍ഡ് ഡാം തുറക്കുന്നത് സംബന്ധിച്ച് തീരുമാനമെടുത്തിരുന്നു. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതാധികാര സമിതിയും ഓരോഘട്ടത്തില്‍ പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, എല്ലാ ഡാമുകളും തുറക്കേണ്ട അവസ്ഥയാണ് ഉണ്ടായതെന്ന് മണി ചൂണ്ടിക്കാട്ടി.
ഇടുക്കി ഡാം തുറക്കുന്നതിന് മുന്‍പ് പി എച്ച് കുര്യന്റെയും തന്റെയും നേതൃത്വത്തില്‍ എല്ലാ മുന്നൊരുക്കങ്ങളും നടത്തിയിരുന്നു.പക്ഷേ അതിനു മുന്‍പ് ഇടമലയാര്‍ തുറക്കേണ്ടി വന്നു. ആ സമയത്ത് ഇടുക്കി അത്ര ഗുരുതര അവസ്ഥയില്‍ ആയിരുന്നില്ല. വ്യക്തമായ ചര്‍ച്ചകള്‍ക്ക് ശേഷമാണ് എല്ലാം ചെയ്തത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുന്നൊരുക്കങ്ങള്‍ പരിശോധിച്ച് സംതൃപ്തി രേഖപ്പെടുത്തിയതാണ്. ബാണാസുര ഡാം തുറക്കുന്നതിന് മുന്‍പ് തന്നെ കളക്ടര്‍ക്ക് ആവശ്യമായ എല്ലാ നിര്‍ദ്ദേശങ്ങളും നല്‍കിയിരുന്നു.’ മന്ത്രി പറഞ്ഞു.
ദുരിതസമയത്ത് കേരളത്തിലെ രക്ഷാ പ്രവര്‍ത്തനത്തിന്റെ കാര്യങ്ങളെല്ലാം നല്ല രീതിയില്‍ നടന്നു. ഏറ്റവും ഫലപ്രദമായ ഇടപെടലുകളാണ് ദുരിത സമയത്ത് ഉണ്ടായത്. ഇത്ര വലിയ പ്രകൃതി ക്ഷോഭം ആദ്യമായാണ് താന്‍ കാണുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ചരിത്രത്തിലെ ഏറ്റവും വലിയ മഴ ഉണ്ടാകുമെന്ന് മുന്‍കൂട്ടി കണക്കാക്കാന്‍ സാധിച്ചില്ല. എന്നാല്‍ മഴയുടെ ശക്തി കൂടുന്നതിനനുസരിച്ച് ആവശ്യമായ എല്ലാ ഇടപെടലുകളും സര്‍ക്കാര്‍ നടത്തി. മത്സ്യത്തൊഴിലാളികള്‍ നടത്തിയ ഇടപെടലുകള്‍ ഒരിക്കലും മറക്കാന്‍ സാധിക്കില്ല. അങ്ങേയറ്റം വിലമതിക്കുന്ന സേവനങ്ങളാണ് ഇവര്‍ നടത്തിയത്. തുടര്‍ നിര്‍മ്മാണ പ്രവര്‍ത്തനമാണ് അടുത്ത ഘട്ടം. ക്യാംപുകളുടെ പ്രവര്‍ത്തനമടക്കം എല്ലാം സര്‍ക്കാര്‍ ഉത്തരവാദിത്വത്തോടെ ചെയ്തുകൊണ്ടിരിക്കുകയാണെന്നും മന്ത്രി എംഎം മണി പറഞ്ഞു.