പി കെ ശശിക്കെതിരായ പരാതി; കുറ്റക്കാരെ വെറുതെ വിടില്ലെന്ന് എംഎം മണി

തിരുവനന്തപുരം: പി കെ ശശിക്കെതിരായ പീഡന പരാതിയില്‍ പ്രതികരണവുമായി മന്ത്രി എംഎം മണി രംഗത്ത്. കുറ്റക്കാരനെന്ന് കണ്ടെത്തിയാല്‍ ആരെയും വെറുതെ വിടില്ലെന്നാണ് എംഎം മണി പറഞ്ഞത്. പരാതിയില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പെണ്‍ക്കുട്ടിക്ക് എപ്പോള്‍ വേണമെങ്കിലും പൊലീസിനെ സമീപിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം, പാര്‍ട്ടിയുടെ അകത്തുള്ള കാര്യങ്ങള്‍ പുറത്തു പറയില്ലെന്ന് പീഡനക്കേസില്‍ ആരോപണവിധേയനായ ഷൊര്‍ണൂര്‍ എംഎല്‍എ പികെ ശശി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പരാതി കൈകാര്യം ചെയ്യുവാനുള്ള സംവിധാനം പാര്‍ട്ടിക്കുണ്ടെന്നും തെറ്റ് പാര്‍ട്ടി ചൂണ്ടിക്കാട്ടിയാല്‍ എന്തു നടപടി നേരിടാനും തയ്യാറാണെന്നും പികെ ശശി പറഞ്ഞു.

ഇത് രാഷ്ട്രീയപരമായ പരാതിയാണെന്ന് മുതിര്‍ന്ന നേതാക്കള്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും അന്വേഷണം നേരിടുവാനുള്ള കമ്മൂണിസ്റ്റ് ആര്‍ജ്ജവം തനിക്കുണ്ടെന്നുമാണ് പികെ ശശി വ്യക്തമാക്കിയത്.

സംഭവത്തില്‍ പ്രതിഷേധിച്ച് പി കെ ശശിയുടെ വീട്ടിലേക്ക് യുവമോര്‍ച്ചാ പ്രവര്‍ത്തകരും ബിജെപി പ്രവര്‍ത്തകരും മാര്‍ച്ച് നടത്തിയിരുന്നു. വനിതാ പ്രവര്‍ത്തകയുടെ പീഡന പരാതിയില്‍ എംഎല്‍എ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. പാലക്കാട് മണ്ണാര്‍ക്കാടുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്കായിരുന്നു പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തിയത്.

Top