ചെന്നിത്തലയും പ്രയാറും ബിജെപിയിലേക്ക് : മന്ത്രി എം.എം മണി

മലപ്പുറം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രയാര്‍ ഗോപാലകൃഷ്ണനുമാണ് ഇനി ബിജെപിയിലേക്ക് പോകാനുള്ള കോണ്‍ഗ്രസ് നേതാക്കളെന്ന് മന്ത്രി എം.എം മണി.

ശബരിമല സമരത്തില്‍ ബിജെപിക്ക് ഒപ്പം കൂടിയ ജി. രാമന്‍നായര്‍ ബിജെപിയില്‍ ചേര്‍ന്നുകഴിഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി. സെയ്താലികുട്ടി മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ 23-ാമത് വീടിന്റെ തക്കോല്‍ദാനം ആനക്കയത്ത് നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി മണി.

പള്ളികള്‍ കേന്ദ്രീകരിച്ച് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന മുസ്ലിം ലീഗാണ് യഥാര്‍ഥ വര്‍ഗീയ വാദികള്‍. എം.കെ. മുനീറും കൂട്ടരുമാണ് ശരിക്കും വര്‍ഗീയവാദികള്‍. തട്ടമിട്ട സ്ത്രീകളെക്കൊണ്ട് രാമനാമം ചൊല്ലിക്കിനാണ് മുനീറിന്റെ പാര്‍ട്ടി ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.

ശബരിമല വിഷയത്തില്‍ കേന്ദ്ര സര്‍ക്കാരിനെ ഇടപെടുത്തുമെന്നാണ് എന്‍എസ്എസ് ജനറല്‍സെക്രട്ടറി സുകുമാരന്‍ നായരുടെ ഭീഷണി. കേന്ദ്ര സര്‍ക്കാര്‍ എന്താ സംസ്ഥാന സര്‍ക്കാരിന്റെ മൂക്കുചെത്തുമോ?. കേരളത്തെ നവോഥാനത്തിന് മുന്‍പുള്ള കാലത്തേക്ക് കൊണ്ടുപോകാനാണ് ജി. സുകുമാരന്‍ നായര്‍ ശ്രമിക്കുന്നത്.

കേരളത്തില്‍ ഇടതുപക്ഷം നേരിടുന്നതെല്ലാം പ്രതികൂല സാഹചര്യങ്ങളെയാണ്. ശബരിമല വിഷയത്തിന്റെ സാഹചര്യത്തിലാണ് വനിതാമതില്‍ നിര്‍മിക്കുന്നത്. നേരത്തെ യുവതികള്‍ക്ക് ഹൈക്കോടതി നിയന്ത്രണം ഏര്‍പ്പെടുത്തിയത് എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്.

സ്ത്രീകള്‍ പ്രവേശിക്കുന്നതിന് എല്‍ഡി.എഫ് അനുകൂലമാണന്ന് സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചതു കൂടി പരിശോധിച്ച ശേഷമാണ് സുപ്രീംകോടതി വിധി വന്നത്. സുപ്രീം കോടതി എന്തു വിധിച്ചാലും അത് സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Top