തിരുവനന്തപുരം: സ്ത്രീയെന്ന വാക്കോ, സ്ത്രീയുടെ പേരോ പ്രസംഗത്തില്‍ പറഞ്ഞിട്ടില്ലെന്ന് മന്ത്രി എംഎം മണി.
വിവാദ പരാമര്‍ശത്തെത്തുറിച്ച് നിയമസഭയില്‍ വിശദീകരിക്കുകയായിരുന്നു അദ്ദേഹം.
സത്യവുമായി ഒരു ബന്ധവുമില്ലാത്ത ആരോപണങ്ങളാണ് കഴിഞ്ഞ ചില ദിവസങ്ങളായി ഉന്നയിക്കപ്പെട്ടത്. ഞാന്‍ സ്ത്രീകള്‍ക്ക് ആക്ഷേപകരമായി എന്തോ പറഞ്ഞു എന്ന് ആരോപിക്കുന്നു. സംസാരിച്ചത് മനസിന്റെ ഭാഷയിലാണ്. സ്ത്രീകളോട് എന്നും ബഹുമാനത്തോടെയേ പെരുമാറിയിട്ടുള്ളൂവെന്നും മന്ത്രി വിശദീകരിച്ചു.
17 മിനിറ്റുള്ള പ്രസംഗം മുഴുവനായി സംപ്രേഷണം ചെയ്യണം. ചില മാധ്യമപ്രവര്‍ത്തകര്‍ക്ക് തന്നോട് വിരോധമുണ്ട്.
മുമ്പത്തെ ഒഴിപ്പിക്കല്‍ ഘട്ടത്തിലെ ഉദ്യോഗസ്ഥരുടെ ചെയ്തികളെക്കുറിച്ചു ഞാന്‍ നടത്തിയ വിമര്‍ശനം ഒഴിവാക്കി. എഡിറ്റ് ചെയ്ത് സ്ത്രീകള്‍ക്കെതിരെയുള്ള ആക്ഷേപം എന്ന വ്യാഖ്യാനത്തോടെ അവതരിപ്പിക്കുകയാണ് ചില ടെലിവിഷനുകള്‍ ചില പത്രങ്ങള്‍ ചെയ്തത്.
കയ്യേറ്റക്കാരും ഉദ്യോഗസ്ഥരുമായി മാധ്യമപ്രവര്‍ത്തകര്‍ക്ക് ബന്ധമുണ്ടെന്നും അതു ചൂണ്ടിക്കാണിച്ചതാണ് തന്നോടുള്ള വിരോധത്തിന് കാരണമെന്നും മന്ത്രി പറഞ്ഞു.
ചില ഉദ്യോഗസ്ഥരെ വിമര്‍ശിക്കേണ്ടിവരും. ഭരണ നേതൃത്വത്തിന്റെ ഉത്തരവാദിത്തമാണത്. അല്ലെങ്കില്‍ ഉദ്യോഗസ്ഥ ഭരണം മാത്രം മതിയല്ലോയെന്നും മന്ത്രി ചോദിച്ചു.
പെമ്പിളൈ ഒരുമൈയെ ആക്ഷേപിച്ചു എന്നു പറയുന്നു. അവരെ ആക്ഷേപിച്ചിട്ടില്ല. അവര്‍ക്കു പോലും അങ്ങനെയൊരു അഭിപ്രായമില്ല. ഇക്കാര്യം ആ സംഘടനയുടെ പ്രസിഡന്റ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
എന്നുമാത്രമല്ല, പെമ്പിളൈ ഒരുമൈ പ്രതിഷേധ പ്രക്ഷോഭത്തിലാണെന്ന് പറയുന്നത് ശരിയല്ല. മൂന്നാറില്‍ സമരം നടത്തുന്നത് പെമ്പിളൈ ഒരുമൈ അല്ലെന്നും ശോഭാ സുരേന്ദ്രനും ബിന്ദു കൃഷ്ണയുമാണെന്നും മണി കൂട്ടിച്ചേര്‍ത്തു.
തൂക്കിക്കൊല്ലും മുമ്പ് പോലും വിശദീകരണത്തിന് അവസരമുണ്ടെന്നും അതിനാല്‍ തന്റെ വിശദീകരണം കേള്‍ക്കണമെന്നും മന്ത്രി പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു.