റബര്‍ ബോര്‍ഡ് ഓഫീസുകളുടെ അടച്ചു പൂട്ടല്‍;സര്‍വകക്ഷി സംഘത്തെ അയക്കണമെന്ന് കെഎം മാണി

തിരുവനന്തപുരം: റബര്‍ ബോര്‍ഡ് ഓഫീസുകള്‍ അടച്ചു പൂട്ടുന്നതിനെതിരെ കേന്ദ്രത്തിലേക്ക് സര്‍വകക്ഷി സംഘത്തെ അയക്കണമെന്ന് കെഎം മാണി എംഎല്‍എ. സര്‍വകക്ഷി സംഘം റബര്‍ നയവും റബര്‍ വില തകര്‍ച്ചയും സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ച നടത്തണമെന്നും കെഎം മാണി ആവശ്യപ്പെട്ടു.

റബര്‍ ബോര്‍ഡിനു കീഴില്‍ വിവിധ സംസ്ഥാനങ്ങളിലായി 44 റീജിയണല്‍ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നതില്‍ 26 എണ്ണം കേരളത്തിലാണ്. ഇന്ത്യ ഉത്പാദിപ്പിക്കുന്ന സ്വാഭാവിക റബറിന്റെ 90 ശതമാനവും കേരളത്തിലാണ്. കേരളത്തില്‍ 1 .2 മില്യന്‍ കര്‍ഷകരാണ് റബര്‍ കൃഷിയില്‍ ഉപജീവനം നടത്തുന്നത്.

ആവര്‍ത്തന ക്യഷി, തോട്ടം പരിശോധന, വിലസ്ഥിരതാ പദ്ധതി തുടങ്ങിയ ആവശ്യങ്ങള്‍ക്ക് കര്‍ഷകര്‍ സമീപിക്കുന്നത് റീജിയണല്‍ ഓഫീസുകളെയാണ്. കേരളത്തില്‍ റീജിയണല്‍ ഓഫീസുകള്‍ പൂട്ടുമ്പോള്‍ കര്‍ണാടകത്തിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പുതിയ ഓഫീസുകള്‍ തുറക്കുന്നു. കേരളത്തിലെ ചെറുകിട കര്‍ഷകരെ സംബന്ധിച്ചടത്തോളം റബര്‍ ബോര്‍ഡ് സേവനങ്ങള്‍ അപ്രാപ്യമായി മാറിയിരിക്കുകയാണ്.

വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളിലെ റബര്‍ കര്‍ഷകര്‍ ആശ്രയിക്കുന്ന കോട്ടയം ഓഫീസ് ചങ്ങനാശേരിയില്‍ ലയിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇത് കര്‍ഷകര്‍ക്ക് വലിയ തിരിച്ചടിയാണ്. കോട്ടയം ജില്ലയില്‍ ഈരാറ്റുപേട്ട ഓഫീസ് പാലാ ഓഫീസുമായി ലയിപ്പിക്കാനാണ് നീക്കം.

കാസര്‍ഗോഡ്, മണ്ണാര്‍ക്കാട്, തിരുവനന്തപുരം, ശ്രീകൃഷ്ണപുരം, തലശേരി ഓഫീസുകള്‍ ഇക്കൊല്ലം അവസാനത്തോടെ നിര്‍ത്തും. കഴിഞ്ഞ മാസം എറണാകുളം, കോതമംഗലം, ഓഫീസുകള്‍ പൂട്ടി. ഇവ മുവാറ്റുപുഴ ഓഫീസിനോട് ലയിപ്പിച്ചു. ഇവിടെ ഉണ്ടായിരുന്ന ജീവനക്കാരെ ത്രിപുര, മേഘാലയ, ആസാം സംസ്ഥാനങ്ങളിലേക്ക് മാറ്റി.

അടുത്ത വര്‍ഷത്തോടെ റബര്‍ ബോര്‍ഡ് ആസ്ഥാനം കോട്ടയത്ത് നിന്ന് അസമിലെ ഗോഹട്ടിയിലേക്ക് മാറ്റാനാണ് കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ തീരുമാനം. നിലവില്‍ ഗോഹട്ടിയില്‍ ബോര്‍ഡിന് ഒരു റീജിയണല്‍ ഓഫീസ് മാത്രമാണുള്ളത്. റബര്‍ വില തകര്‍ച്ചയില്‍ നട്ടം തിരിയുന്ന കര്‍ഷകരെ കടുതല്‍ ദുരിതത്തിലാക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നടപടിക്കെതിരെ സഭ ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന് കെഎം മാണി ആവശ്യപ്പെട്ടു.

കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി റീജിയണല്‍ ഓഫീസുകള്‍ നില നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Top