നോട്ടയ്ക്ക് തുല്യമാണ് സിപിഎമ്മിന്റെ വോട്ട്; ബെന്നി ബെഹന്നാനെ പരിഹസിച്ച് എം എം മണി

തിരുവനന്തപുരം: യുഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഏറ്റെടുത്ത ബെന്നി ബെഹന്നാന്റെ പ്രസ്താവനയെ പരിഹസിച്ച് മന്ത്രി എം എം മണി. നോട്ടയ്ക്ക് തുല്യമാണ് സിപിഎമ്മിന്റെ വോട്ടെന്നായിരുന്നു ബെന്നി ബെഹന്നാന്റെ പ്രസ്താവന. ഇന്ത്യ അടക്കി ഭരിച്ച പാര്‍ട്ടി, ഇപ്പം, വീണ പറമ്പില്‍ തല കാണാത്ത മട്ടിലാണ് ഇന്ത്യയിലെന്ന കാര്യം അദ്ദേഹം മറന്നു പോയെന്നും എം എം മണി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

യു.ഡി.എഫ്. കൺവീനർ സ്ഥാനം ഏറ്റെടുത്ത ആവേശത്തിൽ ബെന്നി ബെഹന്നാൻ കഴിഞ്ഞദിവസം ഒരു വിഡ്ഢിത്തം വിളിച്ചു പറയുകയുണ്ടായി. നോട്ടയ്ക്ക് തുല്യമാണ് സി.പി.ഐ.എമ്മിന്റെ വോട്ടെന്ന്. ബെന്നി ബെഹന്നാൻ ഈ വിവരക്കേട് പുതിയ സ്ഥാനലബ്ധിയിലുളള ആവേശത്തിൽ
പറഞ്ഞുപോയതായിരിക്കും. ഒരുപാട് ഇമ്മിണി മുഴുത്ത ബെന്നിയുടെ പാർട്ടി , ഇന്ത്യ അടക്കി ഭരിച്ച പാർട്ടി, ഇപ്പം, വീണ പറമ്പിൽ തല കാണാത്ത മട്ടിലാണ് ഇന്ത്യയിലെന്ന കാര്യം അദ്ദേഹം മറന്നു. സി.പി.ഐ.എം. അടക്കമുള്ള എല്ലാവരും യോജിക്കണമെന്നു പറഞ്ഞ് ബെന്നിയുടെ നേതാക്കൾ അഭ്യർത്ഥന നടത്തിക്കൊണ്ടിരിക്കുന്ന കാര്യവും അദ്ദേഹം മറന്നു. 2004 -ൽ അധികാരത്തിലെത്താൻ ബെന്നിയുടെ മുഴുത്തപാർട്ടിക്ക് സി.പി.ഐ.എമ്മിന്റെ പിന്തുണ വേണമായിരുന്നു. അങ്ങിനെയാണ് മൻമോഹൻ സിംഗ്, സോണിയ പ്രഭ്രുതികൾ അന്ന് ഭരണം കയ്യാളിയത്. അന്നത്തേതിലും എത്രയോ മടങ്ങ് പരിതാപകരമാണ് ഇന്ന് കോൺഗ്രസ്സിന്റെ അവസ്ഥ എന്ന കാര്യം ബെന്നിയെപ്പോലെ വിവരക്കേട് വിളമ്പുന്നവർ മനസ്സിലാക്കുന്നത് നന്നായിരിക്കും.

Top