നല്ലവരായ എല്ലാവിഭാഗം ജനങ്ങളും ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്യണമെന്ന് മന്ത്രി

തിരുവനന്തപുരം: ഇടുക്കി ജില്ലയിലെ നല്ലവരായ എല്ലാവിഭാഗം ജനങ്ങളും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന ചെയ്ത് നവ കേരളം പടുത്തുയര്‍ത്താന്‍ സഹകരിക്കണമെന്ന് വൈദ്യുതി മന്ത്രി എം എം മണി.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന സ്വീകരിക്കുവാന്‍ സെപ്റ്റംബര്‍ 11 നു ഇടുക്കി കളക്ട്രേറ്റില്‍ കൂടിയ യോഗം വിപുലമായ പരിപാടികള്‍ തയ്യാറാക്കിയിരിക്കുകയാണ്. ഇതനുസരിച്ച് സെപ്റ്റംബര്‍ 17 നു തൊടുപുഴ, ഇളംദേശം, സെപ്റ്റംബര്‍ 18 നു നെടുംകണ്ടം, കട്ടപ്പന, അഴുത, സെപ്റ്റംബര്‍ 22 നു ഇടുക്കി, അടിമാലി, ദേവികുളം എന്നീ ബ്ലോക്ക് ഓഫീസുകളില്‍ വച്ച് വൈദ്യുതി വകുപ്പ് മന്ത്രിയും ഇടുക്കി ജില്ലാ കളക്ടറും ചേര്‍ന്ന് സംഭാവനകള്‍ ഏറ്റുവാങ്ങുന്നതാണ്.

കൂടാതെ, ഇന്നു (സെപ്റ്റംബര്‍ 12) മുതല്‍ ജില്ലയിലെ വിവിധ ഉദ്യോഗസ്ഥര്‍ പൊതുജനങ്ങളെ നേരിട്ടുകണ്ട് ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകള്‍ സ്വീകരിക്കുന്നതിനും യോഗം തീരുമാനിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിക്കൊണ്ടിരിക്കുന്ന എല്ലാ മനുഷ്യസ്‌നേഹികളോടും മന്ത്രി നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

Top